Deshabhimani

ട്രാംവേ പൈതൃക മ്യൂസിയത്തിന് ശാപമോക്ഷമാകുന്നില്ല

ട്രാംവേ മ്യൂസിയത്തിനായി ഒരുക്കിയ സ്ഥലം
വെബ് ഡെസ്ക്

Published on Oct 16, 2026, 12:14 AM | 1 min read

ചാലക്കുടി

ട്രാംവേ പൈതൃക മ്യൂസിയത്തിന് ശാപമോക്ഷമാകുന്നില്ല. സ്ഥലം, അനുമതി, തുക എന്നിവ ലഭ്യമാക്കിയിട്ടും മ്യൂസിയം യാഥാര്‍ഥ്യമായില്ല. സനീഷ്‌കുമാര്‍ ജോസഫിന്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. ലോകശ്രദ്ധ പിടിച്ചുപറ്റിയ ട്രാംവേയുടെ അവശേഷിപ്പുകള്‍ സൂക്ഷിക്കാനും പുതിയ തലമുറയ്ക്ക്‌ പരിചയപ്പെടുത്താനുമൊക്കയായാണ് മ്യൂസിയം വിഭാവനം ചെയ്തത്. മ്യൂസിയത്തിനായി ട്രാംവേയുടെ വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചതടക്കമുള്ള ഭൂമി ബി ഡി ദേവസി എംഎല്‍എ ആയിരുന്ന കാലത്ത് ലഭ്യമാക്കിയിരുന്നു. മ്യൂസിയം സജ്ജീകരിക്കാനായി 1.42കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 50ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതുപയോഗപ്പെടുത്തി പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളടക്കമുള്ളവ നടത്തി. അന്നത്തെ പുരാവസ്തുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ പിന്നീട് വന്ന സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ രണ്ടാംഘട്ട പ്രവൃത്തികള്‍ നടത്താന്‍ ഒരു താൽപ്പര്യവും കാണിക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. തുടര്‍ പ്രവൃത്തികള്‍ ഇല്ലാതായതോടെ കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്. 1901ല്‍ ആരംഭിച്ച ട്രാംവേയുടെ നിര്‍മാണം 1905ല്‍ പൂര്‍ത്തീകരിച്ചു. കൊച്ചിരാജാവായിരുന്ന രാമവര്‍മ പതിനഞ്ചാമനാണ് ട്രാംവേ സ്ഥാപിച്ചത്. ബ്രിട്ടീഷുകാരുടെ റെയില്‍വേപാളത്തിന്റെ സാങ്കേതികവിദ്യയും ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ എൻജിനും സമന്വയിപ്പിച്ചാണ് ട്രാംവേ യാഥാര്‍ഥ്യമാക്കിയത്. ജര്‍മന്‍ കമ്പനിയായ ഹോലന്‍ സ്റ്റെയിന്‍ ആൻഡ്‌ കോപ്പല്‍ കമ്പനിയാണ് ട്രാംവേ എൻജിന്‍ രൂപകല്‍പ്പന ചെയ്തത്. ചാലക്കുടിമുതല്‍ പറമ്പിക്കുളംവരെയുള്ള 49.5കിലോമീറ്റര്‍ വരെയായിരുന്നു ട്രാംവേ സര്‍വീസ്. വനത്തിലെ തേക്കിന്‍ തടികള്‍ വിറ്റ് കൊച്ചിരാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു ട്രാംവേ നിര്‍മാണത്തിലൂടെ കൊച്ചിരാജാവ് ലക്ഷ്യമിട്ടത്. 1963ല്‍ ട്രാംവേ പൂര്‍ണമായും നിര്‍ത്തലാക്കി. റെയില്‍പ്പാളങ്ങളും എൻജിനടക്കമുള്ളവ ഇരുമ്പ് വിലയ്ക്ക് വിൽപ്പന നടത്തുകയും ചെയ്തു. ഇനിയും ബാക്കിയുള്ള അവശിഷ്ടങ്ങള്‍ സംരക്ഷിക്കാനും പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്താനും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായാണ് മ്യൂസിയം വിഭാവനം ചെയ്തത്. ബി ഡി ദേവസി എംഎല്‍എ ആയിരുന്ന കാലത്ത് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് മ്യൂസിയത്തിന് വഴിതെളിഞ്ഞത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ നിസ്സഹകരണം മ്യൂസിയത്തിന് തിരിച്ചടിയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home