ഏഴാം കടലിനക്കരെ മലയാളിത്തിളക്കം

പി വി ബിമൽ കുമാർ
Published on Apr 30, 2026, 12:17 AM | 1 min read
കൊടുങ്ങല്ലൂർ
ബോസ്റ്റൺ മാരത്തോണിൽ യോഗ്യത നേടിയതിന് പിന്നാലെ അയേൺ മാൻ യോഗ്യത കരസ്ഥമാക്കി ഏഴാം കടലിനക്കരെ മലയാളത്തിന്റെ താരമായി സജിത്ത് പ്രകാശൻ. അമേരിക്കയിലെ ടെക്സസിൽ നടന്ന 140.6 മൈൽ അയേൺ മാൻ ട്രയാത്തലോൺ മത്സരമാണ് സജിത്ത് വിജയകരമായി പൂർത്തിയാക്കിയത്. കൊടുങ്ങല്ലൂരിലെ ശ്രീ നാരായണപുരം സ്വദേശിയാണ്. 2.4 മൈൽ നീന്തലും 112 മൈൽ സൈക്കിൾ സവാരിയും 26.2 മൈൽ മാരത്തൺ ഓട്ടവും ചേർന്നതാണ് അയേൺ മാൻ ട്രയാത്തലോൺ. മനുഷ്യന്റെ ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട കായിക മത്സരമാണിത്. നീന്തൽ ഒരു മണിക്കൂർ 53 മിനിട്ട് 55 സെക്കൻഡിലും സൈക്കിൾ സവാരി ഏഴ് മണിക്കൂർ എട്ട് മിനിറ്റ് ഏഴ് സെക്കൻഡിലും മാരത്തൺ നാല് മണിക്കൂർ 30 മിനിട്ട് 30 സെക്കൻഡിലും പൂർത്തിയാക്കിയ സജിത്ത് ആകെ 13 മണിക്കൂർ 53 മിനിറ്റ് 49 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. 55കാരനായ സജിത്ത് കാനഡയിലെ ഓയിൽ റിഫൈനറി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ബോസ്റ്റൺ മാരത്തണിലേക്ക് പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്. 2021-ൽ ഫോർട്ട് മക്മറെ മാരത്തണിൽ മൂന്ന് മണിക്കൂർ 52 മിനിറ്റിൽ ഓടിയെത്തിക്കൊണ്ടാണ് തുടക്കം. 2022-ൽ എഡ്‌മന്റണിൽ ഇത് 3.36 ആയി കുറച്ചു. 2023-ൽ കാൽഗറിയിലെ 50 കിലോമീറ്റർ അൾട്രാ മാരത്തണിലും മികച്ച പ്രകടനം നടത്തി. എ ന്നാൽ, 2024-ൽ ഉണ്ടായ എസിഎൽ ശസ്ത്രക്രിയയും തുടർന്നുള്ള വിശ്രമവും വലിയ വെല്ലുവിളിയായി. ആഗ്രഹങ്ങൾ ഇനി നേടാ ൻ കഴിയില്ലെന്ന് കരുതിയെങ്കിലും കഠിനപ്രയത്‌നത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ് സജിത്ത് പ്രകാശൻ. 19 വർഷമായി കാനഡയിലാണ് സ്ഥിരതാമസം. ലേഖ ഭാര്യയും നീരജ്, സൂരജ് എന്നിവർ മക്കളുമാണ്.










0 comments