ഉയരമില്ലായ്മ തടസ്സമല്ല, ഉയരങ്ങളിലെത്താൻ

പി വി ബിമൽ കുമാർ
Published on Dec 23, 2025, 12:02 AM | 1 min read
കൊടുങ്ങല്ലൂർ
പൊക്കമില്ലായ്മയാണെൻ പൊക്കം എന്ന കുഞ്ഞുണ്ണിക്കവിതയെ അന്വർഥമാക്കി ബൈജു കായിക രംഗത്ത് ഉയരങ്ങൾ കീഴടക്കുകയാണ്. മത്സരിക്കുന്ന ഇനങ്ങളിലെല്ലാം പൊന്നും വെള്ളിയും നേടിയാണ് പെരിഞ്ഞനം ആറാട്ട്കടവ് സ്വദേശി സി എസ് ബൈജു കായിക മേഖലയിൽ ശ്രദ്ധേയനാകുന്നത്. ദരിദ്ര കുടുംബത്തിൽ പിറന്ന് ലോട്ടറി വിൽപ്പനയിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്നതിനിടയിലാണ് ബൈജു കഠിന പരിശ്രമത്തിലൂടെ വിജയക്കുതിപ്പ് നടത്തുന്നത്. ആ കുതിപ്പ് അമേരിക്ക വരെയെത്തി. 2013 ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ബൈജു പങ്കെടുത്തു. യോഗ്യത നേടിയപ്പോൾ വലിയ സന്തോഷമായി. പണം പ്രശ്നമായി. അമേരിക്കയിലെത്താൻ കഴിയുമെന്ന് കരുതിയില്ല. സുമനസ്സുകളുടെ സഹായത്താലാണ് അമേരിക്കൻ സ്വപ്നം യാഥാർഥ്യമായതെന്ന് ബൈജു പറഞ്ഞു. 2023-ൽ സംസ്ഥാന പാരാ ബാഡ്മിന്റൺ മത്സരത്തിൽ ഗോൾഡ് മെഡൽ നേടി. ഉയരം കുറഞ്ഞവരുടെ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്, ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിലെ ഫുട്ബോൾ ടീം ഗോൾ കീപ്പറാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ വെള്ളിമെഡൽ നേടി. ചെന്ത്രിപ്പിന്നി സ്വദേശി അശ്വിൻ ആയിരുന്നു പാർട്ട്ണർ. ഇതോടെ 2026-ൽ നടക്കുന്ന നാഷണൽ പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. 2024 ൽ ജാർഖണ്ഡിൽ നടന്ന നാഷണൽ പാരാ ബാഡ്മിന്റൺ മത്സരത്തിൽ വെങ്കല മെഡൽ നേടി , ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യയിൽ കേരളത്തിനു വേണ്ടി പങ്കെടുത്തു. ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിൽ അംഗമാണ്, തലശേരി സ്വദേശി റാഷിദാണ് പരിശീലകൻ. പെരിഞ്ഞനം പ്രതീക്ഷ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം. മികച്ച കലാകാരൻ കൂടിയാണ്. അത്ഭുതദ്വീപ്, ബെസ്റ്റ് ആക്ടർ, നൈറ്റ് ഡ്രൈവ് സിനിമകളിൽ അഭിനയിച്ചു. ചെമ്പൻ സുബ്രഹ്മണ്യൻ– ജാനകി ദമ്പതികളുടെ മകനാണ്.










0 comments