ബോസ്റ്റൺ മാരത്തണിലേക്ക് തൃശൂർ ഗഡിയും

പി വി ബിമൽകുമാർ
Published on Mar 05, 2026, 12:12 AM | 1 min read
കൊടുങ്ങല്ലൂർ
കഠിനമായ യോഗ്യത മാനദണ്ഡങ്ങൾ മറികടന്ന് ബോസ്റ്റൺ മാരത്തണിന് യോഗ്യത നേടി ശ്രീനാരായണപുരം സ്വദേശി സജിത്ത് പ്രകാശൻ. ഇൗ വർഷം കാനഡയിൽ നടന്ന 42 കിലോമീറ്റർ മെസ മാരത്തൺ മൂന്ന് മണിക്കൂർ 22 മിനിറ്റിൽ പൂർത്തിയാക്കിയാണ് ഇൗ 55കാരൻ യോഗ്യത നേടിയത്. ബോസ്റ്റണും 42 കിലോമീറ്റർ മാരത്തണാണ്. 1897-ലാണ് ബോസ്റ്റൺ മാരത്തൺ തുടങ്ങിയത്. പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് പോലും യോഗ്യത ലഭിക്കാൻ പ്രയാസമുള്ള മത്സരമാണ്. 2021-ൽ ഫോർട്ട് മക്മറെ മാരത്തണിൽ മൂന്ന് മണിക്കൂർ 52 മിനിറ്റിൽ ഓടിയെത്തിയാണ് സജിത്തിന്റെ തുടക്കം. 2022-ൽ എഡ്‌മന്റണിൽ ഇത് 3.36 മണിക്കൂറായി കുറച്ചു. 2023-ൽ കാൽഗറിയിലെ 50 കിലോമീറ്റർ അൾട്രാ മാരത്തണിലും മികച്ച പ്രകടനം നടത്തി. ശസ്ത്രക്രിയക്ക് വിധേയനായതോടെ കരിയർ അവസാനിച്ചെന്ന് കരുതിയെങ്കിലും പരിശീലനം തുടർന്നു. 2025-ൽ എഡ്‌മന്റണിലെ 100 കിലോമീറ്റർ 'ബ്ലാക്ക്ഫൂട്ട്' അൾട്രാ മാരത്തണും കാൽഗറി അയൺമാൻ 70.3 (ഹാഫ് ട്രയാത്ത്‌ലൺ) മത്സരവും പൂർത്തിയാക്കിയതോടെ ആത്മവിശ്വാസമായി. പ്രായവും ആരോഗ്യപ്രശ്നങ്ങളും ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് സജിത്ത് പ്രകാശൻ പറഞ്ഞു. കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്.











0 comments