പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കനത്ത വീഴ്ച പിടിമുറുക്കി ഷിഗല്ല

തൃശൂര്‍
ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കനത്ത വീഴ്ച; ജില്ലയില്‍ ഷിഗല്ല കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച 40 കേസില്‍ 27 എണ്ണവും ജില്ലയിലാണ്. പത്ത് കേസ് തോളൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇക്കാലയളവില്‍ അരിമ്പൂരില്‍ അഞ്ച് കേസും അടാട്ടില്‍ മൂന്ന് കേസും വടക്കാഞ്ചേരി, പാവറട്ടി, അവണൂര്‍, വാടാനാപ്പിള്ളി, എളവള്ളി, കുന്നംകുളം, മുല്ലശേരി, വേലൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പേര്‍ട്ട് ചെയ്തിട്ടുണ്ട്. തോളൂരിന് പിന്നാലെ അരിമ്പൂരും ഷിഗല്ല ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ജില്ലയില്‍ നിന്നുള്ളതാണെന്നത് ആരോഗ്യവിഭാഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ വ്യക്തമാക്കുന്നതാണ്. വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും വ്യാപന സാധ്യത തടയിടാന്‍ ആരോഗ്യവിഭാഗത്തിന് കഴിയാത്തതിനാല്‍ രൂക്ഷ വിമര്‍ശനമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി വ്യാപന സാധ്യത കുറയ്ക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ജില്ലയെ ഷിഗല്ല ഭീതിയില്‍ നിന്ന് സംരക്ഷിക്കാമായിരുന്നു. പക്ഷേ, അടിയന്തര ഇടപെടല്‍ നടത്താതെ നോക്കുകുത്തിയാകാനെ ആരോഗ്യവിഭാഗത്തിന് കഴിഞ്ഞുള്ളു. കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ ശുചിത്വം, മാലിന്യസംസ്കരണം, രോഗബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കേണ്ട ഘട്ടമാണിത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രം ഇടപെടുന്ന രീതി ആരോഗ്യവിഭാഗം തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.









0 comments