അട്ടപ്പാടി വായിച്ചു വളരട്ടെ
പുസ്‌തകങ്ങളുമായി കേരളവർമ

പുസ്തകവിതരണത്തിന് ശേഷം കേരളവർമ കോളേജ് എൻഎസ്‌എസ് യൂണിറ്റ് അംഗങ്ങൾ വെറ്റിലപ്പാറ പ്രീ-മെട്രിക് ബോയ്സ് ഹോസ്റ്റലിലെ കുട്ടികളുമൊത്ത്
തൃശൂർ
അട്ടപ്പാടി ഉന്നതികളിലെ കുട്ടികളും മുതിർന്നവരും വായിച്ചു വളരട്ടെ. പുസ്തകങ്ങൾ സ മ്മാനിച്ച് തൃശൂർ കേരളവർമയിലെ കുട്ടികൾ. കോളേജിലെ എൻഎസ്‌എസ് വളണ്ടിയർമാർ പുസ്‌തകങ്ങൾ നൽകുക മാത്രമല്ല, അട്ടപ്പാടിയിൽ കമ്യൂണിറ്റി ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. പ്രീ-മെട്രിക് ബോയ്സ് ഹോസ്റ്റലുകളിൽ ലൈബ്രറി ഒരുക്കി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും യുവാക്കൾക്കിടയിലെ ലഹരി ഉപയോഗ പ്രവണതകൾക്ക് തടയിടുന്നതിനുമായാണ് ലൈബ്രറികൾ ഒരുക്കുന്ന ‘വാങ്മയം ' പദ്ധതി നടപ്പാക്കിയത്. അട്ടപ്പാടിക്കു പുറമെ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീ-മെട്രിക് ബോയ്സ് ഹോസ്റ്റൽ, ചുവന്നമണ്ണ് പ്രീ -മെട്രിക് ബോയ്സ് ഹോസ്റ്റൽ എന്നിവിടങ്ങളിലും മിനി ലൈബ്രറി സജ്ജീകരിച്ച് വായനയുടെ വസന്തം ഒരുക്കി. എൻഎസ്‌എസ് വളണ്ടിയർ വീടുകൾ കയറിയും മറ്റു വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും പുസ്‌തകങ്ങൾ ശേഖരിച്ചുമാണ് ഉന്നതിയിലും പ്രീ-മെട്രിക് ഹോസ്‌റ്റലുകളിലും ലൈബ്രറികൾ ഒരുക്കിയത്. കലക്ടറുടെ നേതൃത്വത്തിൽ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വായനശീലം വളർത്തുന്നതിനായി ആരംഭിച്ച ‘അക്ഷരോന്നതി' പദ്ധതിയിലേക്ക് കേരളവർമയിലെ എൻഎസ്എസ് വളന്റിയർമാർ 4250 പുസ്തകവും സമാഹരിച്ചു നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്യാം എസ് നായർ, ഡോ. പി പി സിലിജ, എൻഎസ്എസ് വളന്റിയർമാരായ ടി കെ വിനായകൻ, എം അഖില എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അറിവിന്റെ പുതുലോകം തുറന്നിടുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഡോ. ശ്യാം എസ് നായർ പറഞ്ഞു. സമൂഹത്തിലെ പിന്നോക്കാവസ്ഥയും സർഗാത്മകമായ ഇടങ്ങളുടെ കുറവുമാണ് പലരെയും വഴിതെറ്റിക്കുന്നത്. പുസ്തകം ശരിയായ കൈകളിൽ എത്തുമ്പോൾ മാറ്റത്തിന്റെ പാലമായി മാറും. ഇൗ തിരിച്ചറിവിലാണ് ഈ വേറിട്ട പ്രവർത്തനം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments