ശിലാഫലകം മാറ്റാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം

ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രി ട്രോമോ കെയർ യൂണിറ്റിൽ സ്ഥാപിച്ച നിർമാണോദ്ഘാടന ശിലാഫലകം നീക്കാനുള്ള സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം. എൽഡിഎഫ് ചാലക്കുടി മുൻസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനംചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, എൽഡിഎഫ് കൺവീനർ ടി പി ജോണി, വാർഡ് കൗൺസിലർ വി ജെ ജോജി, എം എൻ ശശിധരൻ, ജിൽ ആന്റണി, എ എം ഗോപി, ആന്റോ വടക്കൻ, ഡെന്നീസ് ആന്റണി എന്നിവർ സംസാരിച്ചു. നബാർഡ് അനുവദിച്ച 4.10 കോടി രൂപ ചെലവിട്ട് സജ്ജമാക്കിയ ട്രോമോ കെയർ യൂണിറ്റിന്റെ നിർമാണോദ്ഘാടനം 2020 ഒക്‌ടോബർ 20ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് നടത്തിയത്. ചടങ്ങിൽ അധ്യക്ഷനായ അന്നത്തെ എംഎൽഎ ബി ഡി ദേവസിയുടെ പേരുള്ള ശിലാഫലകം നീക്കംചെയ്യാനാണ് സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ ശ്രമം. കഴിഞ്ഞദിവസം നടന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടേയും ആശുപത്രി സൂപ്രണ്ടിന്റേയും എതിർപ്പ് വകവയ്ക്കാതെയാണ് എംഎൽഎ ഏകപക്ഷീയമായി തീരുമാനം എടുത്തത്.










0 comments