അന്യായ സ്ഥലംമാറ്റ ഉത്തരവുകളിൽ പ്രതിഷേധം

അന്യായ സ്ഥലംമാറ്റ ഉത്തരവുകളിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ സഹകരണ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
സംസ്ഥാനത്ത് ഭരണമാറ്റത്തിനെത്തുടർന്ന് നിലവിലുള്ള ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരെ സ്ഥലംമാറ്റുന്നതിൽ വ്യാപക പ്രതിഷേധം. സഹകരണ വകുപ്പിൽ രണ്ട് ഉത്തരവിലൂടെ 100ൽപ്പരം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. വനിതകൾ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, സ്റ്റേഷനിൽ നിശ്ചിത സമയം പൂർത്തിയാക്കാത്തവർ തുടങ്ങി നിലവിലുള്ള ചട്ടപ്രകാരം സംരക്ഷണം ലഭിക്കേണ്ട ജീവനക്കാരെ ഉൾപ്പെടെ സ്ഥലം മാറ്റി. പല ജീവനക്കാരെയും ഏതാനും ദിവസങ്ങൾക്കകം രണ്ട് തവണ ചട്ടവിരുദ്ധമായി സ്ഥലം മാറ്റി. ഇതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ സഹകരണ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുനീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എസ് ഗോകുൽദാസ്, എം കെ ഷെജു, ടി വി സുനിൽ എന്നിവർ സംസാരിച്ചു.










0 comments