കാലങ്ങളുടെ കഥ കേൾക്കാൻ മുസിരിസിലണയാം

പാലിയം കൊട്ടാരം
പി വി ബിമൽകുമാർ
Published on Nov 21, 2025, 12:15 AM | 2 min read
കൊടുങ്ങല്ലൂർ
ലോക ചരിത്രത്തിലെ ഏറ്റവും വിപുലമായ പൈതൃക സംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി. പൗരാണിക വാണിജ്യ തുറമുഖ കേന്ദ്രമായിരുന്ന ‘മുസിരിസി’ന്റെ പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, അമൂല്യമായ ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണം, പ്രാദേശിക സന്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം, പരമ്പരാഗത വ്യവസായ സംരക്ഷണം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് മുസിരിസ് പൈതൃക പദ്ധതിക്കുള്ളത്. എറണാകുളം ജില്ലയിലെ പട്ടണത്തും തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ടയിലും നടത്തിയ ഉദ്‌ഖനനങ്ങളിൽ നിന്ന് മുസിരിസിന്റെ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ തെളിവുകൾ ലഭിച്ചു. തുടർന്നാണ് പ്രദേശത്തെ പുരാതന ക്ഷേത്രങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ജൂത സ്മാരകങ്ങൾ, നവോത്ഥാന നായകരുടെയും സ്വതന്ത്ര്യസമര പോരാളിയുടെയും സ്മാരകങ്ങൾ, ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ എന്നിവ ബന്ധപ്പെടുത്തി മുസിരിസ് പൈതൃക പദ്ധതി തുടങ്ങിയത്. ലോകത്തെ 31 രാജ്യങ്ങളിൽനിന്നുള്ള വ്യാപാരികൾ മുസിരിസ് തുറമുഖത്ത് എത്തിയിരുന്നു. ഈ രാജ്യങ്ങളുമായി സഹകരിച്ച് പദ്ധതി വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ടൂറിസത്തിലൂടെ വരുമാനം ലഭിക്കുന്നതിന് ‘മുസിരിസ് 1000 എക്സ്പീരിയൻസ്‘ എന്ന പരിപാടി നടപ്പാക്കുന്നു. പ്രദേശത്തിന്റെ തനത് ജീവിതവും ഭക്ഷണവും കൈത്തൊഴിലുകളും കാലാവസ്ഥയും പ്രകൃതിയും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്നതിനുള്ള വേദിയാണ് മുസിരിസ് 1000 എക്സ്പീരിയൻസ്’. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ 12 പഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലേയും വിവിധ ജനവിഭാഗങ്ങളെ വിവര ശേഖരണത്തിലൂടെ കണ്ടെത്തി വിദഗ്‌ധ പരിശീലനം നൽകി മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുസിരിസ് ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി വരുമാനം ഉറപ്പാക്കും. നെയ്ത്തുകാർ, മൺപാത്ര നിർമാണ തൊഴിലാളികൾ, ആഭരണ നിർമാണ തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, പപ്പട നിർമാണക്കാർ, തെങ്ങുകയറ്റ തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, മീൻപിടിത്തക്കാർ, മരപ്പണിക്കാർ, വീട്ടമ്മമാർ, ചായക്കടകൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കാൻ റിസോർട്ടുകൾ, പൈതൃകവീടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവക്കും ഭാഗമാകാം. പ്രാദേശിക കലാകാരന്മാർ (തെയ്യം, തിറ, മോഹിനിയാട്ടം തുടങ്ങിയവ), വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ (ചെണ്ട, ഇടയ്ക്ക, തുടങ്ങിയവ) കരകൗശല നിർമാണത്തിലും അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടവർ, പ്രദേശത്തിന്റെ ചരിത്രം വിനോദ സഞ്ചാരികൾക്ക് പകർന്നു നൽകുന്നവർ, ഡ്രൈവർമാർ, കയാക്കിങ്, ചെറുവള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഉള്ളവർ, ചെമ്മീൻ കെട്ടുകൾ, പൊക്കാളി പ്പാടങ്ങൾ, നെൽ വയലുകൾ, ഫാം ടൂറിസം, ആയുർവേദം, യോഗ, സർക്കാർ അംഗീകൃത സുഖചികിത്സാ സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.










0 comments