ചെറുപ്പക്കാരിൽ ‘കണ്ണീര് വറ്റുന്നു’

സൗജന്യ ഡ്രൈ ഐ പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കണ്ണുകളിലെ ജലാംശം നഷ്ടപ്പെടുന്ന ഡ്രൈ ഐ അവസ്ഥ ചെറുപ്പക്കാരിൽ വർധിക്കുന്നതായി കണ്ടെത്തൽ. രാമവർമ ജില്ലാ ആയുർവേദ ആശുപത്രി, നേത്ര വിഭാഗത്തിൽ ഡ്രൈ ഐ പരിശോധനാ ക്യാമ്പിലാണ് ഈ നിരീക്ഷണം. ദൃശ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം കണ്ണുകൾക്ക് വരൾച്ച ഉണ്ടാക്കുന്നു. ഇത് കണ്ണുകളിൽ നീർക്കെട്ട് ഉണ്ടാക്കാനും കാഴ്ച കുറയാനും കാരണമാകുന്നു. ഉറക്കക്കുറവും പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളും ഡ്രൈ ഐ ഉണ്ടാക്കുന്നതിന് മറ്റു കാരണങ്ങളാണ്. ദൃശ്യ മാധ്യമങ്ങൾ അധികമായി ഉപയോഗിക്കുന്നവർക്കായി "ഇമ പൂട്ടൂ ഈർപ്പം നിലനിർത്തൂ.." എന്ന സന്ദേശം മുന്നോട്ട് വച്ചാണ് ദൃഷ്ടി പദ്ധതിയുടെ ഭാഗമായുള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ നടത്തിയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ചുമതല വഹിക്കുന്ന ഡോ. ആഗ്നസ് ക്ലീറ്റസ് അധ്യക്ഷയായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം എസ് ശ്രീലേഖ, ഡോ. പി കെ നേത്രദാസ്, അഡ്വ. കെ ജെ റാഫി, ഡോ. സ്മിനി മൂഞ്ഞേലി, ഡോ. ബിന്ദു ജി നായർ, ഡോ. ഗ്രീഷ്മ, ഡോ. റൈഹാനത്ത് എന്നിവർ സംസാരിച്ചു. മഴക്കാല ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ക്യാമ്പും ഔഷധക്കഞ്ഞി വിതരണവും നടന്നു.










0 comments