നാളെ താക്കോൽ കൈമാറും
ലക്ഷംവീട് ഇനി ഒറ്റ വീടുകൾ

എം എൻ ലക്ഷം വീട് പദ്ധതിയിലെ നിർമാണം പൂർത്തിയായ മരത്താക്കര എം എൻ നഗറിലെ ഒറ്റ വീടുകൾ
ഒല്ലൂർ
എം എൻ ലക്ഷംവീട് പാർപ്പിട പദ്ധതിയിൽ പുതുവിപ്ലവം രചിച്ച് സംസ്ഥാന സർക്കാര്‍. ഇരട്ട വീടുകൾ ഒറ്റ വീടാക്കിയതിന്റെ സംസ്ഥാന ഉദ്ഘാടനം ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ മരത്താക്കര എം എൻ നഗറിൽ വെള്ളിയാഴ്ച നടക്കും. സ്വന്തം വീടില്ലാത്തവർക്കായി ഒരു മേൽക്കൂരയിൽ രണ്ട് കുടുംബങ്ങളെ പാർപ്പിച്ച ഇരട്ടവീട് മാതൃകയായിരുന്നു എം എൻ ലക്ഷംവീട് പദ്ധതി. പതിറ്റാണ്ടുകൾ കഴിഞ്ഞതോടെ ഭൂരിഭാഗം വീടുകളും തകർച്ചയെ നേരിട്ടു. എൽഡിഎഫ് സർക്കാരിന്റെ തീരുമാന പ്രകാരം ഇരട്ട വീടുകൾ ഒറ്റവീടാക്കിയുള്ള പുനർനിർമാണ പ്രക്രിയ ഒല്ലൂർ മണ്ഡലത്തിൽ ആദ്യം പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി പുത്തൂർ പഞ്ചായത്തിലെ മരത്താക്കര, പൊന്നൂക്കര, മാടക്കത്തറ പഞ്ചായത്തിലെ മാറ്റാമ്പുറം എന്നിവിടങ്ങളിലായി 80 വീടുകളാണ് പുനർനിർമിച്ചത്. വീടൊന്നിന് അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പുനര്‍നിർമാണം. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ ഇരട്ടവീടുകളിൽ താമസിച്ചവരുടെ ദുരവസ്ഥകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈകൊണ്ടതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് പദ്ധതി നിർവണ ചുമതല. വെള്ളി പകൽ 2.30ന് മരത്താക്കര എം എൻ നഗറിലെ വീടുകളുടെയും 19ന് മാറ്റാമ്പുറത്തെ വീടുകളുടെയും താക്കോൽ മന്ത്രി കെ രാജൻ കൈമാറും. സംസ്ഥാന ഭവന നിർമാണ ബോർഡിലൂടെ 1972ൽ നടപ്പാക്കിയതാണ് എം എന്‍ ലക്ഷം വീട് പദ്ധതി.










0 comments