കൊരട്ടി പഞ്ചായത്ത് നിർമിച്ചത് 37 വീടുകൾ
ഭവന നിര്‍മാണത്തിൽ കൊരട്ടി മാതൃക

കൊരട്ടി പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകള്‍
ചാലക്കുടി
ഭവന നിര്‍മാണ രംഗത്ത് സംസ്ഥാനത്തിന് മാതൃകയായി കൊരട്ടി പഞ്ചായത്ത്. കുടിലുകളില്ലാത്ത കൊരട്ടി എന്ന ലക്ഷ്യത്തിന്റെ ഒരുകൈയകലത്താണിപ്പോള്‍ പഞ്ചായത്ത്. എല്ലാവര്‍ക്കും സുരക്ഷിതമായ വീടുകളൊരുക്കിക്കൊടുക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമാണ് ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുന്നത്. ലൈഫ് പദ്ധതിക്ക് പുറമെ വിവിധ ഏജന്‍സികളും സുമനസ്സുകളും കൈകോര്‍ത്തതോടെ മാനംമുട്ടേ ഉയരുന്ന തരത്തിലുള്ള വീടുകളായി കൊരട്ടിയില്‍. പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിനൊപ്പം നാടും നാട്ടുകാരും അണിചേര്‍ന്നതോടെ, ഇതുവരേയും തലചായ്ക്കാനൊരിടമില്ലാതിരുന്ന നിര്‍ധനര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടുകളായി. 1970ല്‍ പണി പൂര്‍ത്തീകരിച്ച ലക്ഷം വീടുകളെ ഒറ്റവീടുകളാക്കി മാറ്റുക എന്നതാണ് ഈ ഭരണസമിതിയുടെ ആദ്യ കമ്മിറ്റിയോഗത്തിലെ തീരുമാനം. തീരുമാനമെടുക്കല്‍ മാത്രമല്ല അത് നടപ്പിലാക്കുക എന്നതും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് നിര്‍ബന്ധമായിരുന്നു. ഇത് ലക്ഷ്യത്തിലെത്തിയതോടെ ഭവന നിര്‍മാണ രംഗത്ത് കൊരട്ടി സംസ്ഥാനത്തിനാകെ മാതൃകയായി. ജീര്‍ണാവസ്ഥയിലായ വീടുകള്‍ക്ക് പകരം ഒറ്റ വീടുകളാണ് നിര്‍മിച്ച് നൽകിയത്. ഒരു ചുമരിന്റെ അപ്പുറവും ഇപ്പുറവുമായി രണ്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന അവസ്ഥയില്‍നിന്നും ഒറ്റവീടുകളിലേക്ക് മാറ്റാനായത് പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും കൊണ്ടാണ്. ഇത്തരത്തിലുള്ള 37 വീടുകളാണ് പഞ്ചായത്ത് ഇക്കാലയളവില്‍ നിര്‍മിച്ച് നൽകിയത്. ഭവന നിര്‍മാണ ബോര്‍ഡിന്റെ 2 ലക്ഷം, ചിറമ്മല്‍ ട്രസ്റ്റിന്റെ 1ലക്ഷം, പഞ്ചായത്തിന്റേയും ഗുണഭോക്താവിന്റേയും വിഹിതമായി 2 ലക്ഷമടക്കം 5 ലക്ഷം ചെലവില്‍ 474 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റ വീടുകളാണ് നിര്‍മിച്ചത്. ഇതിന് പുറമെ ലൈഫ് പദ്ധതി, പിഎംഎവൈ, വിവിധ ഏജന്‍സികള്‍, സുമനസ്സുകള്‍ എന്നിവയുടെ സഹകരണത്തോടെ 235 വീടുകളും ഇക്കാലയളവില്‍ പഞ്ചായത്ത് നിര്‍മിച്ച് നല്കി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാവര്‍ക്കും എഗ്രിമെന്റ് പൂര്‍ത്തീകരിച്ച് വീട് നിര്‍മിച്ച് നല്കി. ഇതിന് പുറമെ അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്കും പഞ്ചായത്ത് വീടുകള്‍ നിര്‍മിച്ച് നല്കി. പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, മികച്ച ശുചിത്വ പഞ്ചായത്തിനുള്ള പുരസ്‌കാരം, മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ കൊരട്ടി പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്.









0 comments