വൈകാരിക നിമിഷങ്ങൾ പകർന്ന് രക്തസാക്ഷി കുടുംബസംഗമം
ഇരുള്‍വഴിയിലൂര്‍ജമായ് രക്തസാക്ഷി...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന രക്തസാക്ഷി കുടുംബ സംഗമത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രക്തസാക്ഷി കെ ആർ വിൻസന്റിന്റെ അമ്മ റോസിയുമായി സംസാരിക്കുന്നു

സി എ പ്രേമചന്ദ്രൻ
Published on Aug 22, 2026, 12:54 AM | 1 min read
പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ)
ഉറ്റവർ വേർപെട്ടതിന്റെ വേദനകളിൽ നെഞ്ച് പിടയുമ്പോഴും അവരുടെ പോരാട്ടത്തിന്റെ സ്മരണകളുമായി രക്തസാക്ഷി കുടുംബാംഗങ്ങളെത്തി. നാടിന്റെ നന്മയ്‌ക്കായുള്ള പോരാട്ടത്തിൽ വർഗശത്രുക്കളുടെ കൊലക്കത്തിക്കു മുന്നിൽ തലകുനിക്കാതെ പിടഞ്ഞുവീണ രക്ത നക്ഷത്രങ്ങളുടെ ശോണിമയുമായാണ് അവരെത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രതിനിധി സമ്മേളനവേദിയായ കൂത്തുപറന്പ് രക്തസാക്ഷി പുഷ്പൻ നഗറിൽ പുഷ്പന്റെ സഹോദരൻ പ്രകാശനും രക്തസാക്ഷി അജയപ്രസാദിന്റെ സഹോദരിയും സംസ്ഥാന സമ്മേളന പ്രതിനിധിയുമായ ആര്യ പ്രസാദിനുമൊപ്പം ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളും സംഗമിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദരിച്ചു. ഒപ്പം ഡിവൈഎഫ്‌ഐയുടെ ഉപഹാരങ്ങളും ഏറ്റുവാങ്ങിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായ കവി മുരുകൻ കാട്ടാക്കട "രക്തസാക്ഷി’ എന്ന കവിത ചൊല്ലിയപ്പോൾ സമ്മേളന നഗരിയിൽ രണസ്‌മരണകൾ കൊടുങ്കാറ്റായി. ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി കെ എസ് റോസൽ രാജ്, പ്രസിഡന്റ് പി എച്ച് നിയാസ് എന്നിവർ സംസാരിച്ചു. സുഹൃത്തിന് കരൾ പകുത്തു നൽകിയ ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കർ അന്തിക്കാടിനെ എം വി ഗോവിന്ദൻ ആദരിച്ചു. സംഘാടക സമിതി ഭാരവാഹികളായ പി കെ ബിജു, കെ വി അബ്ദുൾ ഖാദർ, എം എം വർഗീസ്, കെ കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments