കിണറ്റിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
വിഷപ്പുക ശ്വസിച്ച് സമീപവാസികൾക്ക് ശ്വാസതടസ്സം

ആളൂർ ഷോളയാറിൽ കിണറ്റിലെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കുന്ന അഗ്നിരക്ഷാസേന
ആളൂർ
ഷോളയാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ നിക്ഷേപിച്ച ആശുപത്രി മാലിന്യങ്ങൾക്ക് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തി. ചൊവ്വാഴ്‌ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. രാത്രിയിൽ തന്നെ വലിയ രീതിയിൽ പുക ഉയർന്നെങ്കിലും ഉറവിടം കണ്ടെത്താൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് ബുധൻ രാവിലെ നടത്തിയ തെരച്ചിലിലാണ് പറമ്പിലെ കിണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉപയോഗശൂന്യമായ കിണറ്റിൽ അനധികൃതമായി തള്ളിയ ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും മറ്റുമാണ് കത്തിയത്. തുടർന്നുണ്ടായ രൂക്ഷമായ പുക ശ്വസിച്ച് സമീപവാസികളായ പലർക്കും ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടു. പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചു. ചാലക്കുടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് കിണറ്റിലെ തീ അണച്ചത്. ജനവാസ മേഖലയിൽ മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments