---ക്ലീൻ...ക്ലീനാണ് -കൊടകര

ശുചിത്വത്തിന് ജില്ലാ തലത്തിലുള്ള ഒന്നാം സ്ഥാനം മന്ത്രി കെ രാജനിൽ നിന്നും കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഏറ്റുവാങ്ങുന്നു
കൊടകര
കൊടകരയിൽ മാർക്കറ്റ് ശുചീകരിച്ച് ഷട്ടിൽ കോർട്ട് ഒരുക്കി ഹരിതകർമ സേന. പ്ലാസ്റ്റിക് ബോട്ടിലുകളും പേപ്പർ മാലിന്യങ്ങളും വലിച്ചെറിയുന്നത് തടയാൻ ഗ്രാമവീഥികളിൽ ബോട്ടിൽ ബൂത്തുകളും പേപ്പർ ബിന്നുകളും. ടൗൺ ദിവസേന വൃത്തിയാക്കും. കൂടാതെ പാതയോരങ്ങളിൽ ചെടികൾ നട്ട് സംരക്ഷിക്കുകയും ജനകീയമായി മെഗാ ക്ലീനിങ് ഡ്രൈവുകൾ സംഘടിപ്പിക്കുകയും ചെയ്യും. അതെ, എൽഡിഎഫ് ഭരണത്തിൽ കൊടകര പഞ്ചായത്ത് ക്ലീൻ ക്ലീനാണ്. ശുചീകരണ മാതൃക വഴി സംസ്ഥാനതല വൃത്തി കോൺക്ലേവിൽ പങ്കെടുക്കാനും സംസ്ഥാന തലത്തിൽ പ്രത്യേക ആദരവ് നേടുന്നതിനും കൊടകരയ്‌ക്ക് കഴിഞ്ഞു. ജില്ലയിൽ ശുചിത്വത്തിൽ ഒന്നാം സ്ഥാനവും നേടി. 19 വാർഡുകളിലായി 39 ഹരിതകർമ സേനാംഗങ്ങളുണ്ട്. 2023 മെയ് മുതൽ വാതിൽപ്പടി ശേഖരണം 100 ശതമാനം പൂർത്തീകരിക്കുന്നതിനും 2024 ഒക്ടോബർ മുതൽ തുടർച്ചയായി ഹരിതമിത്രം ആപ്പ് മുഖേന വാതിൽപ്പടി ശേഖരണം 100 ശതമാനം പൂർത്തിയാക്കാനും കഴിഞ്ഞ പഞ്ചായത്താണ് കൊടകര. ജൈവ മാലിന്യ സംസ്കരണ ഉപാധി സർവേയിൽ 100 ശതമാനം പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തും കൊടകരയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ സേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനുമായി നാല് എംസിഎഫുകൾ പഞ്ചായത്തിലുണ്ട്. 30 ടൺ അജൈവ മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഇവിടെ അഗ്നിബാധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2023–-24ൽ ഹരിതകർമ സേന സംഭരിച്ച 139 ടൺ മാലിന്യവും 2024–-25ൽ 162 ടൺ വേർതിരിച്ച മാലിന്യവും 140 ടൺ പാരമ്പര്യ എംഎൽപി മാലിന്യങ്ങളും ശുചിത്വമിഷൻ എം പാനൽ ഏജൻസികൾക്ക് കൈമാറി. ഹരിത കർമ സേനാംഗങ്ങൾക്ക് പ്രതിമാസം ശരാശരി 14000 രൂപ വേതനം ഉറപ്പു വരുത്താനും സാധിച്ചു. ഹരിത കർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ്, ഉല്ലാസ യാത്ര, സിനിമ, നാടകം എന്നീ സൗകര്യങ്ങളും മോട്ടിവേഷൻ ക്ലാസുകളും നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ പറഞ്ഞു.










0 comments