ad
Deshabhimani

പവറോടെ മാടക്കത്തറ; പവർകട്ടില്ലാതെ നാട്‌

മാടക്കത്തറ 2000 മെഗാവാട്ട്‌ എച്ച്‌വിഡിസി സ്‌റ്റേഷൻ

മാടക്കത്തറ 2000 മെഗാവാട്ട്‌ എച്ച്‌വിഡിസി സ്‌റ്റേഷൻ

വെബ് ഡെസ്ക്

Published on Feb 02, 2026, 01:18 AM | 1 min read

തൃശൂർ

കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി പ്രവാഹം. രാജ്യത്ത് ആദ്യമായി ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് ലൈന്‍വഴി പ്രസരണനഷ്ടമില്ലാത്ത പ്രവാഹം. ഈ ലൈന്‍വഴി രാജ്യത്തെ പവര്‍ മാര്‍ക്കറ്റുകളില്‍ നിന്ന്‌ വിലകുറവുള്ള സമയങ്ങളില്‍ കേരളത്തിനാവശ്യമായ വൈദ്യുതി വാങ്ങി എത്തിക്കുകയാണ്‌. ഈ വൈദ്യുതി കേരളമാകെ എത്തിക്കാന്‍ കെഎസ്ഇബിയുടെ പവര്‍ ഹൈവേയും സജ്ജം. പത്തുവർഷമായി കേരളത്തിൽ പവർകട്ടില്ലാത്തതിന്‌ പിന്നിൽ ഇത്തരം നൂതന പദ്ധതികൾ യാഥാർഥ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌. അടുത്ത 25 വര്‍ഷത്തേക്ക് കേരളത്തിന്റെ വൈദ്യുതി ആവശ്യം കണക്കിലെടുത്താണ്‌ പദ്ധതികൾ നടപ്പാക്കിയത്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ മണിക്കൂറുകൾ പവർകട്ട്‌ ഏർപ്പെടുത്തി വ്യവസായങ്ങൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ പുതിയ തലമുറയ്‌ക്ക്‌ പവർകട്ട്‌ എന്താണെന്ന്‌ അറിയില്ല. പിണറായി സർക്കാർ കേരളത്തെ വെളിച്ച വിപ്ലവത്തിലേക്ക്‌ നയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ പുഗലൂരില്‍നിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും 2000 മെഗാവാട്ട് സ്‌റ്റേഷനും ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ യാഥാർഥ്യമായത്‌. പവർഗ്രിഡ്‌ കോർപറേഷന്റെ സഹായത്തോടെയുള്ള 5070 കോടിയുടെ ബൃഹദ്‌പദ്ധതിയാണിത്. പുഗലൂർ –മാടക്കത്തറ 165 കിലോമീറ്റർ ലൈനിന്റെ വടക്കഞ്ചേരി മുതൽ മാടക്കത്തറ വരെയുള്ള 27 കിലോമീറ്റർ ഭൂഗർഭ കേബിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നഷ്ടം സംഭവിച്ചവർക്ക്‌ നൽകുന്നതിനുള്ള അധിക ബാധ്യത സംസ്ഥാന സർക്കാരും കെഎസ്‌ഇബിയുമാണ്‌ വഹിച്ചത്‌. പദ്ധതിക്ക്‌ പ്രത്യേക കർമ സേനയെ കെഎസ്ഇബി നിയോഗിച്ചിരുന്നു. അതിനൂതന സാങ്കേതികവിദ്യയായ വോൾട്ടേജ് സോഴ്സ് കൺവർട്ടർ അടിസ്ഥാനമാക്കി നിർമിച്ച രാജ്യത്തെ ആദ്യത്തെ പ്രസരണ ശൃംഖലയാണ് പുഗലൂർ – മാടക്കത്തറ എച്ച്‌വിഡിസി സംവിധാനം. ഇ‍ൗ എച്ച്‌വിഡിസി ലൈനിൽ നിന്ന്‌ കുന്നംകുളം സബ്‌സ്‌റ്റേഷനിലേക്ക്‌ 220 കെവി ലൈനുണ്ട്‌. അതുവഴി ജില്ലയിലെ മറ്റുഭാഗങ്ങളിലേക്കും വൈദ്യുതി പ്രവഹിപ്പിക്കാം. മാടക്കത്തറ 400 കെവി സബ്‌സ്‌റ്റേഷനിൽ തകരാറുണ്ടായാലും ജില്ലയിൽ സമാന്തര ലൈനായി എച്ച്‌വിഡിസിയുണ്ട്‌. സംസ്ഥാനത്താകെ വൈദ്യുതി വിതരണത്തിനായി പവര്‍ഹൈവേകളും യാഥാര്‍ഥ്യമാക്കി. വടക്കൻ കേരളത്തിലെ വോൾട്ടേജ്‌ ക്ഷാമം പരിഹരിക്കുന്നതിന്‌ പുതിയ 400/220 കെവി മാടക്കത്തറ അരീക്കോട് മള്‍ട്ടി വോള്‍ട്ടേജ്, മള്‍ട്ടി സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ചു. എച്ച്‌വിഡിസി ലൈൻ കുന്നംകുളം, വഴി നല്ലളത്തേയ്ക്കും ബന്ധിപ്പിക്കുന്നു. ഇടമൺ- കൊച്ചി 400 കെവി പവർ ഹൈവേ സംസ്ഥാന സർക്കാരിന്റെ സജീവ ഇടപെടലിലൂടെ പൂർത്തിയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home