Deshabhimani

ഷിഗല്ല വ്യാപനം രൂക്ഷം

കണക്കുകള്‍ മാത്രം പോര സർ...

വെബ് ഡെസ്ക്

Published on Oct 17, 2026, 12:43 AM | 1 min read

സ്വന്തം ലേഖിക

തൃശൂര്‍

ജില്ലയില്‍ ഷിഗല്ല കേസുകള്‍ വര്‍ധിക്കുന്നതോടെ ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതിക്കൂട്ടില്‍. 15 ദിവസത്തിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച 44 കേസില്‍ 30 എണ്ണവും ജില്ലയിലാണ്. 10 കേസ് തോളൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇക്കാലയളവില്‍ അരിമ്പൂരില്‍ അഞ്ച് കേസും അടാട്ടില്‍ മൂന്ന് കേസും അവണൂര്‍, വാടാനാപ്പിള്ളി, മുല്ലശേരി എന്നിവിടങ്ങളില്‍ രണ്ട് കേസ് വീതവും വടക്കാഞ്ചേരി, പാവറട്ടി, എളവള്ളി, കുന്നംകുളം, വേലൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും സ്ഥിരീകരിച്ചു. തോളൂരിന് പിന്നാലെ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെല്ലാം ഷിഗല്ല ബാധിതര്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‌പുതിയ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം നടപടികൾ ഊർജിതമാക്കുന്ന സമീപനമാണ് ആരോഗ്യവകുപ്പ് തുടരുന്നതെങ്കിൽ രോഗവ്യാപനം തടയാനാവില്ലെന്ന വിമര്‍ശനം ശക്തമാണ്. രോഗം പടർന്നശേഷമുള്ള പ്രതിരോധമല്ല, വ്യാപനം തടയാനുള്ള മുൻകരുതലാണ് ആരോഗ്യ വകുപ്പിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ആകെ കേസുകളിൽ ഭൂരിഭാഗവും തൃശൂരിലാണെന്ന സാഹചര്യം ഗൗരവത്തോടെയെടുത്ത് ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കേണ്ടതാണ്. എന്നാല്‍, കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ആരോഗ്യവിഭാഗം ജില്ലയില്‍ നോക്കുകുത്തിയാകുകയാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോ, പരിശോധനകളിൽ എന്താണ് കണ്ടെത്തിയത്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഫലമുണ്ടായോ? തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തണം. കേസുകൾ വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെടുകയാണ്. ആരോഗ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ കണക്കുകൾ പുറത്തുവിടുന്നതിനപ്പുറം ഫലപ്രദമായ ഇടപെടലാണ് വേണ്ടതെന്ന് ജനങ്ങള്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home