മുണ്ടൂർ –- പുറ്റേക്കര കുപ്പിക്കഴുത്ത്
കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ തുടങ്ങി

മുണ്ടൂർ–പുറ്റേക്കര റോഡിലെ പൊളിച്ചുനീക്കൽ പ്രവൃത്തികൾ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വിലയിരുത്തുന്നു
മുണ്ടൂർ
തൃശൂർ - –കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.86 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്തിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു. നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് 265 ഗുണഭോക്താക്കളിൽ നിന്നായി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമിയിലാണ് നടപടി. എൽഡിഎഫ് സർക്കാർ 25.57 കോടി രൂപ അനുവദിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനായത്. ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകിയാണ് അഞ്ഞൂർ വില്ലേജിലെ 177 സെന്റ് ഏറ്റെടുത്തത്. ആകെ 280 ഗുണഭോക്താക്കളിൽ 265 പേരിൽനിന്ന് ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ശേഷിക്കുന്ന ഗുണഭോക്താക്കൾക്കുള്ള നഷ്‌ടപരിഹാരം കോടതിയിൽ അടവാക്കി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റും പൊളിച്ചു മാറ്റുന്നതിനുള്ള 25 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ നാലുവരി പാതയാക്കുന്നതിന് പരമാവധി 10 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിൽ കെഎസ്ടിപി റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ സേവിങ്‌സ് തുക ഉപയോഗിച്ചോ, ഭൂമി ഏറ്റെടുക്കലിനായുള്ള ഭരണാനുമതിയിലെ ശേഷിക്കുന്ന തുക ഉപയോഗിച്ചോ റോഡ് നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. കെഎസ്ടിപി അധികൃതരും പൊതുമരാമത്ത് വകുപ്പുമായും കൂടിയാലോചിച്ച് ആവശ്യമായ ശ്രമങ്ങൾ തുടർന്നു വരികയാണെന്ന് എംഎൽഎ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സ്ഥലം സന്ദർശിച്ചു.









0 comments