ad
Deshabhimani

വീട്ടിൽനിന്ന്‌ 55 പവനും 
3.5ലക്ഷം രൂപയും കവർന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:59 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂർ

കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരി ഉണ്ണിപ്പിള്ള വീട്ടിൽ ഹസൻ അലി ദാവൂദിന്റെ വീട്ടിൽനിന്ന് 55 പവനും മൂന്നര ലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി ജുമാ മസ്‌ജിദിന്‌ എതിർവശത്തുള്ള വീട്ടിലാണ്‌ മോഷണം നടന്നത്‌. അടുത്തടുത്ത്‌ വീടുകളുള്ള മേഖലയിലായിരുന്നു മോഷണം. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും എറണാകുളത്തെ ആശുപത്രിയിലായിരുന്നു. പുലർച്ചെ 1.36നാണ്‌ മോഷ്ടാവ് ഗേറ്റ്‌ ചാടിക്കടന്നത്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്‌. ഇതിനുശേഷം മറ്റു സിസിടിവി കാമറകൾ മറച്ചശേഷമാണ്‌ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട്‌ തകർത്ത്‌ അകത്തുകയറിയത്. രാവിലെ ഹസൻ അലി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഹസൻ അലിയുടെ ഭാര്യയുടെ 10 പവൻ, മകളുടെ 10 പവൻ, മരുമകളുടെ 35പവൻ എന്നിങ്ങനെയാണ്‌ നഷ്ടപ്പെട്ടത്. ചികിത്സയിലുള്ള മകൻ തിങ്കളാഴ്‌ച ഡിസ്‌ചാർജാകുമ്പോൾ നൽകാനുള്ള 3.5ലക്ഷം രൂപയും കവർന്നു. വീട്ടിലെ എല്ലാ മുറികളും മോഷ്ടാവ്‌ പരിശോധിച്ചിട്ടുണ്ട്‌. ഒരാൾ ഒറ്റയ്‌ക്കാണ്‌ മോഷണം നടത്തിയതെന്നാണ്‌ പ്രാഥമിക കണ്ടെത്തൽ. സമീപത്തെ ഐശ്വര്യ ഗാർഡൻസിലെ ഒരു വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിട്ടുണ്ട്‌. അവിടെ നിന്ന്‌ 2400 രൂപ നഷ്ടമായി. വാതിൽ തകർക്കാതെ പൂട്ട്‌ മാത്രം പൊളിച്ച്‌ മോഷണം നടത്തിയ രീതിയിൽ നിന്ന്‌ പ്രൊഫഷണലായ മോഷ്ടാവാണ്‌ ഇതിനു പിന്നിലെന്നാണ്‌ കണ്ടെത്തൽ. മോഷ്ടാവ്‌ മുഖം മറയ്‌ക്കുകയും കൈയുറ ധരിക്കുകയും ചെയ്‌തിരുന്നു. സിസിടിവി കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും അന്വേഷണം നടക്കുന്നത്‌. ഇയാൾ വന്ന വഴിയും മടങ്ങിയ വഴിയും സംബന്ധിച്ച്‌ സൂചനകൾ ലഭിച്ചിട്ടുണ്ട്‌. സമാന രീതിയിൽ മോഷണം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷക സംഘം ശേഖരിക്കുന്നുണ്ട്‌.സിറ്റി പൊലീസ് കമീഷണർ നകുൽ ദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നെടുപുഴ പൊലീസും ചേർന്നാണ്‌ അന്വേഷണം നടത്തുന്നത്‌. വിരലടയാള വിദഗ്ധരും ബെൽജിയം ഡോഗ്‌ ജിപ്‌സിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home