കോൺഗ്രസ് ഉണ്ണിയാടനൊപ്പം
കേരള കോൺഗ്രസ്– ഉണ്ണിയാടൻ പോര് തെരുവിൽ

തൃശൂർ കേരള കോൺഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയർമാനും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടനും ഒൗദ്യാഗിക വിഭാഗവും തമ്മിലുള്ള ചേരിപ്പോര് തെരുവിൽ. നേതൃത്വത്തെ അറിയിക്കാതെ സൗഹൃദക്കൂട്ടായ്‌മയെന്ന പേരിൽ ഉണ്ണിയാടന് തൃശൂരിൽ ഒരുക്കിയ സ്വീകരണവും ബദൽ സമ്മേളനവുമാണ് തമ്മിലടിയിൽ കലാശിച്ചത്. ഇരിങ്ങാലക്കുട വെള്ളാനിക്കാരൻ കോംപ്ലക്‌സിൽ നടന്ന ബദൽ സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുരിയാക്കോസ് ഉദ്‌ഘാടനം ചെയ്‌തതിന് പിന്നാലെ ഉണ്ണിയാടൻ ഗ്രൂപ്പുകാരായ രൻജോ ജോണി, അനയ് ജാക്‌സൺ, അർജുൻ പ്രദീപ്, ടെസിൻ ജെക്കബ്, ആൽവിൽ എന്നിവർ ഹാളിലേക്ക് കയറി അലങ്കോലമാക്കി. പിന്നീട് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി വിവേക് വിൻസന്റിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകരെത്തി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്ലാത്ത യോഗം തുടരാനാവില്ലെന്ന് പറഞ്ഞു. തോമസ് ഉണ്ണിയാടനെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ആരോപിച്ചു. നേതൃസമ്മേളനം നടക്കുന്നതിനിടെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുരിയാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റും പാർടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. നിർജീവമായ കമ്മിറ്റിയായതിനാൽ പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൺവെൻഷൻ വിളിച്ചുചേർത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ തുടങ്ങി കോൺഗ്രസ് നേതത്വം ഒന്നാകെ പങ്കെടുത്ത് തോമസ് ഉണ്ണിയാടന് പിന്തുണയേകി. ഉണ്ണിയാടനാണ് ശരിയെന്നും നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും പ്രതാപൻ പറഞ്ഞു. ഏഴ് തവണ ഇരിങ്ങാലക്കുടയിൽനിന്ന് തോമസ് ഉണ്ണിയാടൻ നിയമസഭയിലേക്ക് മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ണിയാടനെ മാറ്റി പുതിയവർക്ക് അവസരം നൽകണമെന്ന് ജില്ലാ നേതൃത്വം പരസ്യമായി നിലപാട് എടുത്തിരുന്നു. എന്നാൽ ഉണ്ണിയാടന്‍ സീറ്റ് വിട്ടു നൽകാൻ തയ്യാറായില്ല. വിജയിച്ചതോടെ മന്ത്രി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. ഇതോടെ ജില്ലാ– സംസ്ഥാന നേതൃത്വവുമായി തെറ്റി ഉണ്ണിയാടൻ മുന്നോട്ടു പോവുകയാണ്.








0 comments