ബസുകളുടെ മരണപ്പാച്ചിൽ
ലഘുലേഖ നൽകി ഡിവൈഎഫ്ഐ; ബസ് നിർത്തിയിട്ട് ഡ്രൈവർമാർ

തർക്കത്തെത്തുടർന്ന് സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകരോട് സംസാരിക്കുന്നു
അരിമ്പൂർ
ചേറ്റുപുഴയിൽ ബസ് തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചതിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെന്ററിൽ ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് ലഘുലേഖ വിതരണം നടത്തി. ഇതിനിടെ ഒരു സ്വകാര്യ ബസ് ജീവനക്കാർ ബസ് റോഡിൽ നിർത്തിയിട്ടു. ബസുകളിൽ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും പിന്നാലെ വന്ന ബസുകളും റോഡിൽ നിർത്തി. തിങ്കളാഴ്ച രാവിലെ 10നായിരുന്നു സംഭവം. മിന്നൽ പണിമുടക്കായതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. പ്രതിഷേധത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിലേക്ക് ബസ് ജീവനക്കാർ പാഞ്ഞടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. അന്തിക്കാട് പൊലീസെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. പൊലീസിന്റെ ഇടപെടലിന്റെ ഭാഗമായി ബസുകൾ റോഡിൽനിന്നും മാറ്റി. സമാധാനപരമായി നടത്തിയ സമരത്തിനെതിരെ ചില ബസ്ജീവനക്കാർ ചെയ്‌ത പ്രവൃത്തിയാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പെരുവഴിയിലായതോടെ ബസ് ഓടിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. യാത്രക്കാരുടെ ജീവനെടുത്തുകൊണ്ടുള്ള മത്സര ഓട്ടം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘുലേഖ വിതരണമാണ് നടന്നതെന്നും ബസുകളുടെ മത്സരപ്പാച്ചിൽ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വി പി പ്രേംശങ്കർ, സെക്രട്ടറി കെ സച്ചിൻ എന്നിവർ പറഞ്ഞു. മത്സരയോട്ടങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.










0 comments