ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
ജില്ലയിൽ എസ്‌എഫ്‌ഐ പഠിപ്പുമുടക്ക് പൂർണം

പഠിപ്പുമുടക്കിയ എസ്എഫ്ഐ പ്രവർത്തകർ തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പലിനെ ഘരാവോ ചെയ്യുന്നു
സ്വന്തം ലേഖകൻ/സ്വന്തം ലേഖിക
Published on Jul 25, 2026, 12:15 AM | 1 min read
തൃശൂർ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ എസ്‌എഫ്‌ഐ നടത്തിയ പഠിപ്പുമുടക്ക് പൂർണം. രാജ്യവ്യാപകമായി എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്കിന്റെ ഭാഗമായാണ് ജില്ലയിൽ വിദ്യാർഥികൾ സമരം നടത്തിയത്. ക്ലാസ് മുറികൾ വിട്ടിറങ്ങിയ വിദ്യാർഥികൾ എസ്‌എഫ്‌ഐ സമരത്തിനൊപ്പം അണിചേർന്നു. സ്കൂളുകൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്, ഐടിഐ, ലോ, എൻജിനിയറിങ്, നഴ്സിങ്– ഫാർമസി കോളേജുകൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി. വിവിധ സ്ഥലങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഐക്യദാർഢ്യ സദസ്സുകളും സംഘടിപ്പിച്ചു. ചെമ്പൂച്ചിറ ജിഎച്ച്‌എസ്‌എസിൽ സമരം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ പുറത്തുനിന്നെത്തിയ സംഘപരിവാർ പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.










0 comments