സ്വപ്നഭൂമിയില്‍ പൊന്നുവിളയിക്കാനൊരുങ്ങി ആദിവാസി കര്‍ഷകര്‍

മാരാംകോട് ഉന്നതിയിലെ നേന്ത്രവാഴത്തോട്ടം
കെ ജെ ലിജോ
Published on Oct 14, 2026, 12:38 AM | 1 min read
ചാലക്കുടി
പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് കൃഷിയിറക്കി ജീവിതം പച്ചപിടിപ്പിക്കാനൊരുങ്ങി ആദിവാസി കര്‍ഷകര്‍. അരൈകാപ്പ് ആദിവാസി ഉന്നതിയിലുള്ളവരാണ് കുടില്‍കെട്ടി താമസിക്കുന്ന മാരാംകോട് കൃഷിചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉരുള്‍പൊട്ടലും പ്രകൃതി ദുരന്തവും കൊണ്ട് അരൈകാപ്പില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച ഉന്നതിനിവാസികള്‍ കുറേക്കാലം വീരാന്‍കുടിയിലും മലക്കപ്പാറയിലുമായിരുന്നു താമസം. ഇവര്‍ക്ക് പകരം സ്ഥലം കണ്ടെത്തി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തിയത് മാരാംകോട് കശുമാവ് തോട്ടത്തിലായിരുന്നു. ഒന്നരയേക്കര്‍ മുതല്‍ 10 ഏക്കര്‍ ഭൂമി വരെ ലഭിച്ചവരുണ്ടിവിടെ. അതിരപ്പിള്ളി പഞ്ചായത്തിലെ അരൈകാപ്പ് ഉന്നതിയില്‍ നിന്നുള്ള 47കുടുംബങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ ഭൂമിയുടെ കൈവശാവകാശ രേഖ ഇനിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കൈവശാവകാശ രേഖ ലഭിച്ചാല്‍ വീട്, വെളിച്ചം, കുടിവെള്ളം എന്നിവ ലഭിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വകുപ്പ് മന്ത്രി ഇവിടം സന്ദര്‍ശിച്ച് കൈവശാവകാശ രേഖ ഉടന്‍ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം വാക്കുകളില്‍ മാത്രമൊതുങ്ങി. കിട്ടിയ ഭൂമിയില്‍ നേന്ത്രവാഴ, കപ്പ, ജാതി തുടങ്ങിയവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും മലയിലൂടെയുള്ള നീര്‍ച്ചാലില്‍ നിന്നും വെള്ളം കൃഷിയിടത്തേക്കെത്തിച്ചു. നൂറുകണക്കിന് വാഴകളാണ് ഓരോരുത്തരും നട്ടിരിക്കുന്നത്. രണ്ടാംവട്ട വളമിടലും കഴിഞ്ഞു. ചാലക്കുടിയില്‍ നിന്നാണ് നേന്ത്രക്കന്നുകള്‍ വാങ്ങിയത്. ഇതിന് പുറമെ കപ്പയും വിളയുന്നുണ്ട്. അരൈക്കാപ്പിലെപ്പോലെ വന്യമൃഗശല്യം ഇവിടെയില്ലാത്തതിനാല്‍ നട്ടവയൊന്നും നശിച്ചിട്ടില്ല. വെള്ളം സുലഭമായി ലഭിച്ചാല്‍ പച്ചക്കറി കൃഷി ചെയ്യാനും ഇവര്‍ തയ്യാറാണ്. തെങ്ങിന്‍ തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മുള്ളന്‍പന്നികളുടെ ശല്യം മാത്രമാണിവിടെയുള്ളത്. ഇവ കടക്കാതിരിക്കാന്‍ കൃഷിയിടത്തിന് ചുറ്റും വലകളും ഷീറ്റുകളും കെട്ടിയിട്ടുണ്ട്. എംപി, എംഎല്‍എമാരൊന്നും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു.









0 comments