ad
Deshabhimani

ഒരുമിച്ച്‌ കാണാം 
കേരളത്തിന്റെ സസ്യ കലവറ

ഹോർത്തൂസ്‌ മിബാറിക്കൂസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന ഡോ. അനൂപ്‌ പി ബാലൻ                                                                                                                                                                                                  /ഫോട്ടോ: ഡിവിറ്റ്‌ പോൾ

ഹോർത്തൂസ്‌ മിബാറിക്കൂസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന ഡോ. അനൂപ്‌ പി ബാലൻ /ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
’ കെ എ നിധിൻ നാഥ്‌

Published on Jun 05, 2026, 12:44 AM | 1 min read

തൃശൂർ

കേരളത്തിന്റെ പലയിടങ്ങളിലായുണ്ടായിരുന്ന സസ്യ സന്പത്തിനെ ഒരുമിച്ചു കാണാൻ ‘ഹോർത്തൂസ്‌ മലബാറിക്കൂസി’ലേക്ക്‌ വന്നാൽ മതി. കേരളത്തിൽ കണ്ടുവരുന്ന 742 ചെടികളുടെ വിവരണമുൾപ്പെടെ 12 വോള്യങ്ങളിലായി 1600ലധികം പേജുകളുള്ള ബൃഹദ് ഗ്രന്ഥമാണ്‌ ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കൂസ്. പുസ്‌തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന 742 സസ്യങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാം സന്തോഷ് തൃശൂർ ചെറുതുരുത്തിക്കു സമീപം തുടക്കമിട്ട ഹോർത്തൂസ് മലബാറിക്കൂസ് ബൊട്ടാണിക്കൽ ഗാർഡൻ. നിലവിൽ 742 ചെടികളിൽ 10ൽ താഴെ എണ്ണം മാത്രമാണ്‌ ഇനി ലഭിക്കാനുള്ളത്‌. 2015ലാണ്‌ ഇവിടെ സസ്യ ലോകം ആരംഭിക്കുന്നത്‌. പശ്ചിമ ഘട്ടത്തിൽ വംശനാശം സംഭവിക്കുന്ന ചെടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി ഇ‍ൗ ഉദ്യമത്തിനു പിന്നിലുണ്ട്‌. അകമല വനമേഖലയോടുചേർന്ന്‌ 28 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പച്ചത്തുരുത്ത് പശ്ചിമഘട്ടത്തിലെ അപൂർവവും വംശനാശ ഭീഷണിനേരിടുന്നവയുമായ 2000ത്തോളം സസ്യങ്ങളുടെയും നൂറ്റിപ്പത്തിലധികം ചിത്ര ശലഭങ്ങളുടെയും നൂറിലധികം പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. ഇരുന്നൂറിലധികം ജലസസ്യങ്ങൾ, നൂറ്റിമുപ്പതിലധികം തദ്ദേശീയ ഓർക്കിഡുകൾ, വിവിധയിനം വാഴകൾ, ഏലവും കുരുമുളകുമുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിവിധയിനങ്ങൾ, അപൂർവ സസ്യങ്ങൾ നിറഞ്ഞ ആയുർ ഉദ്യാനം അങ്ങനെ കാഴ്ച‌കളുടെ കലവറയാണ് ഹോർത്തൂസ്. സസ്യങ്ങളുടെ സവിശേഷതയ്ക്കനുസരിച്ച്‌ 14 മേഖലകളിലായാണ്‌ ഇവയെ തിരിച്ചിട്ടുള്ളത്‌. അതീവ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ഐയുസിഎൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുപ്പതോളം അത്യപൂർവ സസ്യങ്ങൾ ഹോർത്തൂസിൽ വളരുന്നുണ്ട്‌. സ്വാഭാവിക വനപ്രദേശത്തിനോട് ചേർന്നുള്ള ഗാർഡനിലെ "റീഡിയാനം' മേഖലയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അത്യപൂർവ സസ്യങ്ങളുണ്ട്‌. ഉത്തരകേരളത്തിലെ ചെറുതോടുകളിൽ മാത്രമുള്ള വംശനാശം സംഭവിക്കുന്ന വിഭാഗത്തിലുൾപ്പെടുത്തിയ അത്യപൂർവ ജലസസ്യത്തിന്റെ സംരക്ഷണാർഥം ഏഴു തട്ടുകളിൽ കൃത്രിമ വെള്ളച്ചാട്ടം നിർമിച്ചിട്ടുണ്ട്‌. മറവിരോഗത്തിനുള്ള ചികിത്സക്കുപയോഗിക്കുന്ന ഗാലന്തമൈൻ എന്ന ആൽക്കലോയിഡിന്റെ ഉറവിടമാണ് മലബാർ റിവർ ലില്ലി എന്നറിയപ്പെടുന്ന ക്രിനം മലബാറിക്കം. ബൊട്ടാണിക്കൽ ഗാർഡൻ എന്നതിലുപരി പശ്ചിമഘട്ടത്തിലെ തനതുസസ്യങ്ങളുടെ സംരക്ഷണവും അവയുടെ സാധ്യതകളും ലക്ഷ്യമാക്കിയുള്ള ഒരു പഠന-ഗവേഷണകേന്ദ്രം എന്ന ലക്ഷ്യമാണുള്ളതെന്ന്‌ ഇതിനു നേതൃത്വം നൽകുന്ന ഡോ. അനൂപ് പി ബാലൻ പറഞ്ഞു. ഇ‍ൗ അപൂർവ സസ്യ സന്പത്ത്‌ കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home