വയോജനങ്ങളുടെ സൗജന്യ മരുന്നിനും ‘പൂക്കി കട്ട് ’


സി എ പ്രേമചന്ദ്രൻ
Published on Sep 22, 2026, 12:37 AM | 1 min read
തൃശൂർ
മരുന്നുകളില്ലാത്തതിനാൽ ജില്ലയിലെ വയോമിത്രം മെഡിക്കൽ ക്യാമ്പുകൾ മുടങ്ങി. കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് മരുന്നുകൾ എത്തിക്കാറുള്ളത്. എന്നാൽ മരുന്ന് വിതരണം ചെയ്തിരുന്ന കമ്പനികളുമായി കരാർ പുതുക്കുന്നതിൽ സർക്കാരും മെഡിക്കൽ സർവീസസ് കോർപറേഷനും കാണിച്ച അനാസ്ഥ മൂലം സെപ്‌തംബറിൽ പ്രധാന മരുന്നുകളുടെ വിതരണം മുടങ്ങി. ഇതോടെ വയോജനങ്ങൾ ദുരിതത്തിലായി. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്കും ഹൃദ്രോഗത്തിനുമുള്ളവ ഉൾപ്പെടെ നിരവധി മരുന്നുകൾ ക്യാന്പ് വഴി സൗജന്യമായി വിതരണം ചെയ്തിരുന്നു. ഡോക്ടറുടെയും നഴ്സിന്റെയും സേവനവും ലഭിച്ചിരുന്നു. ഓരോ ക്യാന്പിലും നൂറിലധികം വയോജനങ്ങൾ എത്താറുണ്ട്. കിടപ്പുരോഗികൾക്ക് ബന്ധുക്കൾ മുഖേനയും മരുന്നുകൾ എത്തിച്ചിരുന്നു. വൃദ്ധസദനങ്ങളിൽ പ്രത്യേക ക്യാന്പും സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ മാസം എത്തിയവർക്ക് പതിവുപോലെ സെപ്‌തംബറിലെ ക്യാമ്പുകളുടെ തീയതി നിശ്ചയിച്ച് നൽകിയിരുന്നു. അതുപ്രകാരം ഇൗ മാസം പലരും വന്നെങ്കിലും ക്യാന്പുകളുണ്ടായില്ല. സർക്കാർ ആശുപത്രികളിൽ പോയെങ്കിലും പല മരുന്നുകളുമില്ല. ഇതോടെ പലർക്കും സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങേണ്ട സ്ഥിതിയായി. ജില്ലയിലെ നഗരസഭകളിലും ഒല്ലൂക്കര ബ്ലോക്കിലുമാണ് വയോമിത്രം പദ്ധതി വഴി വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പിലൂടെ മരുന്നുകൾ നൽകിയിരുന്നത്. ഒല്ലൂക്കര ബ്ലോക്കിൽ വിവിധ പ്രദേശങ്ങളിലായി എല്ലാ മാസവും 23 ക്യാന്പ് നടത്താറുണ്ട്. 3500ഓളം വയോധികരാണ് പദ്ധതിയിൽ അംഗങ്ങളായവർ. മരുന്നുകൾ സർക്കാർ എത്തിക്കാത്തതിനാൻ ഇൗ മാസം ക്യാന്പുകൾ മുടങ്ങിയിരിക്കയാണ്. നഗരസഭകളിലും ക്യാന്പുകളിൽ മരുന്ന് ലഭിക്കാത്ത സ്ഥിതിയാണ്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ആരംഭിച്ച പദ്ധതിയാണ് വയോമിത്രം. കഴിഞ്ഞ എൽഡിഎ-ഫ് സർക്കാരിന്റെ കാലത്ത് പദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നു. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികളും വയോജന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതലും നല്‍കിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ പദ്ധതി അട്ടിമറിക്കപ്പെടുകയാണെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.










0 comments