ചാലക്കുടി താലൂക്ക് ആശുപത്രി ട്രോമോ കെയർ യൂണിറ്റ്
ശിലാഫലകം മാറ്റാൻ നീക്കം എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ചാലക്കുടി
താലൂക്ക് ആശുപത്രിയിലെ ട്രോമോ കെയർ യൂണിറ്റ് നിർമാണ ഉദ്ഘാടന ശിലാഫലകം മാറ്റാനുള്ള സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. വ്യാഴാഴ്‌ച നടന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് എംഎൽഎ ഏകപക്ഷീയമായി ഈ തീരുമാനമെടുപ്പിച്ചത്. കമ്മിറ്റിയിലെ എൽഡിഎഫ് അംഗങ്ങളും വാർഡ് കൗൺസിലർ വി ജെ ജോജിയും ശിലാഫലകം മാറ്റുന്ന നടപടി എതിർത്തു. ആശുപത്രി സൂപ്രണ്ടും എംഎൽഎയുടെ നടപടിയിൽ വിയോജിച്ചു. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് സനീഷ്‌കുമാർ ജോസഫ് ശിലാഫലകം മാറ്റാനുള്ള തീരുമാനം എടുത്തത്. ബി ഡി ദേവസി എംഎൽഎയായ കാലത്താണ് ട്രോമ കെയർ യൂണിറ്റിന്റെ നിർമാണം ആരംഭിച്ചത്. 2020 ഒക്‌ടോബർ 20ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. ബി ഡി ദേവസിയുടെ ശ്രമഫലമായാണ് ട്രോമോ കെയർ യൂണിറ്റ് നിർമാണത്തിന് നബാർഡിൽ നിന്ന് 4.10 കോടി അനുവദിച്ചത്. ട്രോമോകെയർ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം 2023 മെയ് 19ന് മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായ ഈ പരിപാടിയുടെ ശിലാഫലകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ബി ഡി ദേവസി എംഎൽഎ ആയിരിക്കെ അദ്ദേഹം അധ്യക്ഷനായി നടത്തിയ ട്രോമോകെയർ നിർമാണ ഉദ്‌ഘാടന ചടങ്ങിന്റെ ശിലാഫലകം നീക്കംചെയ്യാനാണ് സനീഷ് കുമാർ ജോസഫിന്റെ നീക്കം. എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളി രാവിലെ 9.30ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി ജോണി അറിയിച്ചു.









0 comments