ഓണം: ജില്ലയിൽ 201 കുടുംബശ്രീ വിപണന മേളകൾ

തൃശൂർ
ഓണവിപണിയിൽ നിറസാന്നിധ്യമാകാൻ കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിലെ 100 സിഡിഎസുകളിൽ രണ്ട് വീതവും ജില്ലാതലത്തിൽ ഒന്നും ഉൾപ്പെടെ 201 വിപണന മേളകളാണ് സജ്ജമാക്കുന്നത്. എല്ലാ കുടുംബശ്രീ സംരംഭകരെയും മേളയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളും കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഓണവിഭവങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് കറി പൗഡറുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, സോപ്പ്, ടോയ്‌ലറ്ററീസ്, ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവയും ലഭ്യമാകും. കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, ‘ഓണക്കനി' പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളകൾ, ‘നിറപ്പൊലിമ'യുടെ ഭാഗമായി ഉൽപ്പാദിപ്പിക്കുന്ന പൂക്കൾ, പാൽ ഉൽപ്പന്നങ്ങൾ, നെയ്യ് തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ടാകും. കൂടാതെ പായസമേളകൾ, ലൈവ് ചിപ്സ് സ്റ്റാളുകൾ, അയൽക്കൂട്ടം,- ബാലസഭ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും ഒരുക്കുന്നുണ്ട്.










0 comments