അതിജീവനത്തിന്റെ ഇടതുബദൽ എന്നും ജനപക്ഷത്ത്

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒല്ലൂരിൽ സംഘടിപ്പിച്ച "അതിജീവനത്തിന്റെ ഇടതുബദൽ' സെമിനാർ കെ രാജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
ഒല്ലൂർ
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച "അതീജീവനത്തിന്റെ ഇടതുബദൽ' സെമിനാർ കാലിക പ്രസക്തമായി. എൽഡിഎഫ് ഭരിക്കുമ്പോൾ ദുരന്തകാലത്ത് എല്ലാവരെയും സർക്കാർ ചേർത്തു പിടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കാതെ ജനങ്ങൾ തീരാദുരിതത്തിലാണെന്ന് സെമിനാറിൽ ചർച്ചകൾ ഉയർന്നു. അഞ്ചേരി ശ്രീനാരായണ ഹാളിൽ നടന്ന സെമിനാർ കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്റെ ഇടതുബദൽ എന്നും ജനപക്ഷത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2018, 19 വർഷത്തിൽ പ്രളയകാലത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ഒന്നിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിത മേഖലകൾ ഹെലികോപ്റ്ററിൽ സന്ദർശിച്ചത്. ഇപ്പോൾ നാട് ദുരന്തം നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്ററിൽ കറങ്ങുന്നത്. പെൻഷൻ വീടുകളിൽ എത്തിക്കുന്നതും സർക്കാർ നിർത്തി. ഇതാണ് യുഡിഎഫ് ബദലെന്നും കെ രാജൻ പറഞ്ഞു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് വഴിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത മുഖത്തെ യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയെ കുറിച്ച് വലതു മാധ്യമങ്ങൾക്ക് പോലും പറയേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി എൻ എൻ ദിവാകരൻ അധ്യക്ഷനായി. നമുക്ക് വായിച്ച് വായിച്ച് പോകാം എന്ന സന്ദേശവുമായി വെള്ളി രാവിലെ മുതൽ പുസ്‌തകോത്സവം നടന്നു. എൻ എൻ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ ജി ഗോകുൽ അധ്യക്ഷനായി. വർഗീസ് കണ്ടംകുളത്തി, കെ വി സജു, കെ വി ബിജു, മിഥുൻ കൃഷ്ണൻ, ടി എസ് വിഷ്ണു, സി എ വൈശാഖ്, ഡോ. കീർത്തന കാർത്തികേയൻ, കെ കെ രാജൻ, കെ ആർ മോഹനൻ, കെ ആർ സെബി, രമ്യ ശ്രീനാഥ്, സന്ദീപ് ദാസ് എന്നിവർ സംസാരിച്ചു.








0 comments