ജീവനക്കാരുടെയും അധ്യാപകരുടെയും മാർച്ച്

തൃശൂർ
സിവിൽ സർവീസിന്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾക്കുമായി ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാന ജീവനക്കാരും അധ്യാപകരും മാർച്ച് നടത്തിയത്. 12–ാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലകൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടന്നത്. കലക്ടറേറ്റിനു മുന്നിൽ നടന്ന മാർച്ച് കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, ആക്‌ഷൻ കൗൺസിൽ ജില്ലാ കൺവീനർ ഇ നന്ദകുമാർ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ, കെഎയുഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി ഡെന്നി, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി കെ എസ് സുലോചനൻ, എകെപിസിടിഎ ജില്ലാ സെക്രട്ടറി പി പ്രമോദ്, കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ് കെ ഗിരിധരൻ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ടി ഷൈനി ആന്റണി, കൊടുങ്ങല്ലൂരിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ്, ഇരിങ്ങാലക്കുടയിൽ കെജിഒഎ ജില്ലാ പ്രസിഡന്റ് രഹന പി ആനന്ദ്, കുന്നംകുളത്ത് കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ ബി ഫെർഡി, ചാവക്കാട് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി എം ലത, ചാലക്കുടിയിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി സി സിജി എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.










0 comments