അന്യായ ടോൾ പിരിവിനെതിരെ എൽഡിഎഫ് മനുഷ്യച്ചങ്ങല
ഒരിഞ്ച് പിറകോട്ടില്ല

നാട്ടിക ടോൾപ്ലാസയിൽ എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല
സ്വന്തം ലേഖകൻ തൃശൂർ ദേശീയപാത 66ലെ അനധികൃത ടോൾ പിരിവിനെതിരെ ബഹുജന പ്രക്ഷോഭം ശക്തമാക്കി എൽഡിഎഫ്. ജനങ്ങളെ കൊള്ളയടിക്കുന്ന ചുങ്കപിരിവിനെതിരെ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ എൽഡിഎഫ് മനുഷ്യ ചങ്ങല തീർത്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. പൊലീസ് മർദനത്തെയും അതിജീവിച്ച് തുടർച്ചയായ ആറാം ദിവസവും എൽഡിഎഫ് സമരം കൂടുതൽ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചിട്ടും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്‌ച മനുഷ്യച്ചങ്ങല തീർത്തത്. തുടർന്ന് കനത്ത വെയിലിനെ അവഗണിച്ചും സ്‌ത്രീകളടക്കമുള്ള നൂറുകണക്ക് പ്രവർത്തകർ ടോൾ ബൂത്ത് ഉപരോധിച്ചു. സമരം കൂടുതൽ ആവേശം പകർന്ന് പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ് അധ്യക്ഷനായി. ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, വി കെ ജ്യോതി പ്രകാശ്, കെ എം കിഷോർ കുമാർ, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ, യു കെ ഗോപാലൻ എന്നിവർ സംസാരിച്ചു. മൂന്നുതവണ നിർത്തിവച്ച ടോൾപിരിവ് തിങ്കളാഴ്ച പകൽ 12നാണ് വീണ്ടും ആരംഭിച്ചത്. ഇതു സംബന്ധിച്ച സർവകക്ഷിയോഗം നടക്കുന്നതിനിടെയായിരുന്നു ടോൾപിരിവ് ആരംഭിച്ചത്. ഇതേത്തുടർന്നാണ് ടോൾ പിരിവ് നിർത്തുംവരെ ടോൾ പ്ലാസയിൽ സമരം നടത്താൻ എൽഡിഎഫ് തീരുമാനിച്ചത്. ഇന്നുമുതൽ രാപകൽ സമരം നാട്ടിക ദേശീയപാത 66ലെ ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസക്ക് മുന്പിൽ വ്യാഴം വൈകിട്ട് ആറുമുതൽ രാപകൽ സമരം ആരംഭിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. തുടർച്ചയായ ആറ് ദിവസം പിന്നിട്ട സമരമാണ് വ്യാഴാഴ്ച മുതൽ രാപകൽ സമരമായി മാറ്റുന്നത്.









0 comments