കുടിവെള്ളക്ഷാമം
നോക്കുകുത്തികളായി ജലസംഭരണികള്‍

വെട്ടൂര്‍ പഞ്ചായത്തിൽ പുത്തന്‍ചന്തയിലെ ജലസംഭരണി
സുധീർ വർക്കല
Published on Sep 16, 2026, 12:00 AM | 1 min read
വര്‍ക്കല
ജലസംഭരണികള്‍ നോക്കുകുത്തികളായതോടെ വർക്കലയിലും സമീപ പഞ്ചായത്തിലുമായി കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നില്ല. രഘുനാഥപുരത്തെ 19 എംഎല്‍ഡി ജലസംഭരണിവഴിയാണ് പ്രധാനമായി ജലവിതരണം. പുതിയ കണക്ഷനുകള്‍ വര്‍ധിക്കുകയും ജലക്ഷാമം സ്ഥിരമാകുകയും ചെയ്തതോടെ പരിഹാരമെന്ന നിലയിലാണ് നരിക്കല്ലുമുക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ ജലസംഭരണികളും സ്ഥാപിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരുവര്‍ഷം പിന്നിട്ടിട്ടും ജലസംഭരണികളില്‍ വെള്ളമെത്തിക്കാന്‍ വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞില്ല. വെട്ടൂര്‍, ചെറുന്നിയൂര്‍, ചെമ്മരുതി പഞ്ചായത്തുകളിലാണ് എട്ടുലക്ഷം ലിറ്റര്‍വരെ ശേഷിയുള്ള നാലു ജലസംഭരണികള്‍. കൊല്ലമ്പുഴയിലെ റോ വാട്ടര്‍ പമ്പുഹൗസ് നിര്‍മാണം വൈകുന്നതാണ് ടാങ്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തടസ്സം. വാമനപുരം ആറ്റില്‍നിന്ന് നരിക്കല്ലുമുക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിച്ച് ശുദ്ധീകരിച്ചശേഷം ടാങ്കുകളിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. നരിക്കല്ലുമുക്കിൽ 22 എംഎല്‍ഡി ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ജോലികളും കൊല്ലമ്പുഴയിൽനിന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും പ്ലാന്റില്‍നിന്ന് ടാങ്കുകളിലേക്കും വെള്ളമെത്തിക്കാനുള്ള പൈപ്പ്‌ലൈനുകളും പൂര്‍ത്തിയായി. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാന്‍ പമ്പുഹൗസ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇതിന് ആറിന്റെ തീരത്ത് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പ്രധാന റോഡില്‍നിന്ന് പമ്പുഹൗസിലേക്ക് അപ്രോച്ച് റോഡില്ലാത്തതിനാല്‍ കരാറുകാരന്‍ പണി നിർത്തിവച്ചിരിക്കുകയാണ്. വെട്ടൂര്‍ പുത്തന്‍ചന്ത, ചെറുന്നിയൂർ പാലച്ചിറ കുന്നുംപുറം, ചെമ്മരുതി തച്ചോട് ഐടിഐ, തറട്ട എന്നിവിടങ്ങളിലാണ് ജലസംഭരണികള്‍ സ്ഥാപിച്ചത്. ഈ സംഭരണികളില്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ അതത് പഞ്ചായത്തിലേക്ക് സുലഭമായി കുടിവെള്ളമെത്തുകയും രഘുനാഥപുരം ടാങ്കിലെ വെള്ളം വര്‍ക്കല നഗരസഭ, ഇടവ, ഇലകമണ്‍ പഞ്ചായത്തുകളിലേക്കുമാത്രമായി നല്‍കാനും കഴിയും. ഇൗ പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പമ്പുഹൗസ് നിര്‍മാണത്തില്‍ തട്ടി ഇഴയുന്നത്.









0 comments