Deshabhimani

അമ്പൂരിയിലെ ഊരുകളിൽ മൂട്ടിപ്പഴമധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അഖിലേഷ് ആനാവൂർ

Published on Oct 09, 2026, 12:00 AM | 1 min read

വെള്ളറട

അമ്പൂരി വനമേഖലകളിൽ നിറവസന്തമൊരുക്കി മൂട്ടിപ്പഴം പഴുത്തുതുടങ്ങി. വനത്തിനുള്ളിലും കാട്ടുപാതയോരങ്ങളിലും മരച്ചുവട്ടിൽ ചുവന്നുതുടുത്ത്‌ കുലകളായാണ്‌ മൂട്ടിപ്പഴം പാകമായിനിൽക്കുന്നത്‌. കാഴ്‌ചയ്ക്ക്‌ കൗതുകവും നാവിന്‌ രുചിയൂറും അനുഭവവുമാണ് ഈ അപൂർവ വനവിഭവം. മരത്തിന്റെ പ്രധാന തടിയുടെ അടിഭാഗത്തും വേരുകളോട് ചേർന്നുമാണ് പഴങ്ങൾ കുലകളായി കായ്ക്കുന്നത്. ഇതിൽനിന്നാണ് മൂട്ടിപ്പഴം എന്ന പേര് ലഭിച്ചത്. റന്പുട്ടാനോട് സാമ്യമുള്ള കട്ടിയുള്ള തോട് പൊളിച്ചാൽ പുളിയും മധുരവും കലർന്ന രുചിയുള്ള ഭാഗം ലഭിക്കും. നേരിട്ട് കഴിക്കുന്നതിനൊപ്പം അച്ചാറുണ്ടാക്കാനും ഇവ ഉപയോഗിക്കാറുണ്ട്‌. മഴക്കാലത്ത് വനമേഖലയിൽ തൊഴിൽ ലഭ്യത കുറയുമ്പോൾ ആദിവാസി കുടുംബങ്ങൾക്ക് മൂട്ടിപ്പഴം പ്രധാന വരുമാനമാർഗമാണ്. ഊരുകളിലെ പ്രായമായവരും ചെറുപ്പക്കാരും വനത്തിനുള്ളിൽനിന്നാണ് പഴങ്ങൾ ശേഖരിക്കുന്നത്. അമ്പൂരിയിലെ പ്രാദേശിക ചന്തകളിലും ചാല, നെയ്യാറ്റിൻകര തുടങ്ങിയ ടൗണുകളിലും എത്തിച്ചാണ്‌ വിൽപ്പന. കാൽ കിലോയ്ക്ക് നൂറുരൂപയ്ക്കുമേൽ വില ലഭിക്കും. മൂട്ടിപ്പഴത്തിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ് അമ്പൂരിയിലെയും പരിസരപ്രദേശങ്ങളിലെയും കർഷകർ വീട്ടുപറമ്പുകളിലും ഇത് നട്ടുവളർത്തുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന മൂട്ടിപ്പഴം കാണാനും വാങ്ങാനും ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ അമ്പൂരിയിലെത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home