print edition റൊമ്പ നല്ലാതാനെ വെച്ചിരിക്കേ...

മൃഗശാലയിലെത്തിയ കറുപ്പുസ്വാമി ഭാര്യ സെമ്പകവല്ലി മകൾ കല്പന മരുമകൻ മണികണ്ഠൻ ചെറുമക്കൾ അഖിൽ, അധിനി എന്നിവർ.
ബി എസ് ആരതി
Published on Sep 19, 2026, 01:00 AM | 1 min read
കൊച്ചുമക്കൾക്കൊപ്പം മൃഗങ്ങളെയും പക്ഷികളെയും കണ്ട് നടക്കുന്നതിനിടെയാണ് മൃഗശാല മാറ്റുന്ന കാര്യം സെമ്പകവല്ലി അറിയുന്നത്. ഉടൻ വന്നു നല്ല അസൽ തമിഴിൽ പ്രതികരണം. ‘എതുക്ക് ഇത് ഇങ്കേയിരുന്ത് മാറ്റ്‌റാങ്കെ. റൊമ്പ നല്ലാതാനെ വെച്ചിരിക്കേ... സിറ്റിയിൽ ഇന്ത മാതിരി എടമെല്ലാം കെടക്കിറേതേ പുണ്യം..’ തെങ്കാശി ജില്ലയിലെ കുറ്റ്രാലത്ത് നിന്നാണ് സെമ്പകവല്ലിയും കുടുംബവും മൃഗശാല കാണാനെത്തിയത്. പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന ഇതരസംസ്ഥാനക്കാർ വിനോദത്തിനായി തെരഞ്ഞെടുക്കുന്ന ആദ്യ സ്‌പോട്ടാണ് മൃഗശാല. ഒപ്പമുള്ള കുട്ടികൾക്ക് മൃഗങ്ങളെയും പക്ഷികളെയും കാണാനുള്ള സൗകര്യത്തിനൊപ്പം മുതിർന്നവർക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനുമുള്ള സ്ഥലം എന്ന നിലയിലാണ് ഇവിടേക്ക് എത്തുന്നത്. ഇവർക്കുകൂടി പ്രിയപ്പെട്ട ഇടമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേയറും അടക്കം മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.
മൃഗശാല മാറ്റുന്നതെന്തിനെന്ന അതിശയമാണ് സെമ്പകവല്ലിക്കെങ്കിൽ ഭർത്താവ് കറുപ്പ്‌സ്വാമിക്ക് സ്ഥലംമാറ്റം തന്നെപ്പോലുള്ള വലിയൊരു വിഭാഗത്തെ ബാധിക്കുന്നതിന്റെ ചിന്തയായിരുന്നു. ‘ ഇങ്കെ ഇര്‌ക്കിറ വ്യാപാരീങ്ക എങ്കെ പോവാങ്ക എൻട്രത് താൻ നാൻ യോസിക്കിറേൻ. അവങ്കളുടെ വാഴ്‌വാധാരം അല്ലവാ? എനക്ക് അതോട കഷ്ടം തെരിയും.’–
ടൂറിസ്റ്റ് സ്‌പോട്ടായ കുറ്റ്രാലത്ത് കട നടത്തുകയാണ് കറുപ്പ്‌സ്വാമി. സന്ദർശകരുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന കച്ചവടക്കാരുടെ പ്രതിനിധിയെന്ന നിലയിൽ ആ വിഷമം തനിക്ക് മനസ്സിലാകുമെന്ന് കറുപ്പ്‌സ്വാമി പറയുന്നു. മകൾ കൽപ്പനയ്ക്കും ഭർത്താവ് മണികണ്‌ഠനും പറയാനുണ്ടായിരുന്നത് സിറ്റിക്കുള്ളിൽ അതിവേഗം എത്താൻ കഴിയുന്നതിന്റെ നേട്ടമായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മൃഗശാലയും കണ്ട്, ബീച്ചിലും കറങ്ങിയാൽ ഒരു ടൂറിസ്റ്റ് പാക്കേജ് ലഭിച്ച അനുഭവമാണ്. സിറ്റിയിൽനിന്ന് 50–60 രൂപയിൽ മൃഗശാലയിലെത്താം. 40 രൂപയുടെ ടിക്കറ്റെടുത്താൽ ഒരു ദിവസം ആസ്വദിക്കാനുള്ള കാഴ്‌ചകളുമുണ്ട്. ദൂരേയ്ക്ക് മാറ്റിയാൽ എത്താനുള്ള ചെലവും സമയവും പ്രശ്‌നമാകും. മക്കളായ അഖിലിനും അധിനിക്കുമാണ് മൃഗങ്ങളെ കാണാൻ ഏറെ ആവേശം.
സംസ്ഥാനത്ത് ഉടനീളമുള്ള വിവിധ സ്‌കൂളുകളിൽനിന്ന് ചെറുപഠന യാത്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക് സംഘടിപ്പിക്കുന്നതും യാത്രാസൗകര്യംകൂടി പരിഗണിച്ചാണ്.









0 comments