Deshabhimani

ഇന്ന് ലോക വൃക്കദിനം

വൃക്ക രോഗികൾക്ക് സാന്ത്വനമായി സുമ തോമസ് തരകൻ

സുമ തോമസ് തരകൻ

സുമ തോമസ് തരകൻ

avatar
ജി എസ് സജീവ്

Published on Mar 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഇത് സുമ തോമസ് തരകൻ. യാദൃച്ഛികമായി കണ്ടുമുട്ടിയ യുവതിക്ക്‌ തന്റെ വൃക്കദാനം ചെയ്‌ത്‌ തുടർ ചികിത്സയ്ക്കുള്ള മരുന്നും താമസ സൗകര്യവും മക്കളുടെ പഠനച്ചെലവും വഹിച്ച മാലാഖ. ആറു വർഷം മുമ്പായിരുന്നു ഇവർ കണ്ടത്. മണ്ണന്തല പ്രണവം ഗാർഡൻസിൽ സുമയും ഭർത്താവ് തോമസ് തരകനും നടത്തുന്ന ധനകാര്യ സ്ഥാപനത്തിൽ വായ്പ എടുക്കാനായെത്തിയതായിരുന്നു യുവതി. അവരുടെ മുഖത്തെ അവശത ശ്രദ്ധിച്ച സുമ കാര്യങ്ങൾ അന്വേഷിച്ചു. വൃക്കകളുടെ തകരാർ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അവരെ അലട്ടിയിരുന്നു. അവരുടെ നരക ജീവിതം അറിഞ്ഞതോടെ സുമയ്ക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ അടുത്ത ദിവസം സുമ ഒരു തീരുമാനത്തിലെത്തി. തന്റെ ഒരു വൃക്ക 33 വയസ്സുമാത്രം പ്രായമുള്ള അവൾക്കു നൽകണം. തീരുമാനം ഭർത്താവിനോടും മൂന്നു മക്കളോടും പങ്കുവച്ചു. അവർ സമ്മതം മൂളിയതോടെ യുവതിയെ വിളിച്ച് കാര്യം പറഞ്ഞു. 2019 മേയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ. നോബിൾ ഗ്രേഷ്യസിന്റെ ഏകോപനത്തിൽ ശസ്ത്രക്രിയയും നടന്നു. അന്ന് സുമയ്ക്ക് 56 വയസ്സായിരുന്നു പ്രായം. വൃക്ക ദാതാവും സ്വീകർത്താവും ആശുപത്രി വിട്ടെങ്കിലും അവർ പിരിഞ്ഞില്ല. സുമ അവൾക്കു താമസിക്കാൻ വാടക വീടും മരുന്നുകളും കുട്ടികളുടെ പഠനച്ചെലവും വഹിച്ചു. വൃക്കരോഗികളോടുള്ള സുമയുടെ കരുണ അവിടെ അവസാനിച്ചില്ല. ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് മരുന്നുകളും മറ്റു സഹായങ്ങളുമായി സേവനം തുടരുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home