'സർഗം – 2026' ഗ്രൂപ്പ് ഡാൻസ് മത്സരം കേരളസർവകലാശാല വിജയികൾ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാ-സാംസ്കാരിക സമിതിയായ 'ധമനി' സംഘടിപ്പിക്കുന്ന 'സർഗം 2026' സംസ്ഥാന കലോത്സവത്തിലെ ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ കേരള സർവകലാശാല വിജയികളായി.
ഏപ്രിൽ 29, 30 തീയതികളിൽ സർവകലാശാല സെനറ്റ്ഹാളിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി 12 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനും പ്രശസ്ത ചലച്ചിത്ര കലാകാരനുമായ സൂര്യ കൃഷ്ണമൂർത്തി വിജയികൾക്ക് സമ്മാനവിതരണം നിർവ്വഹിച്ചു.
മത്സരത്തിൽ കേരളസർവകലാശാല ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15,000 രൂപയും ട്രോഫിയുമാണ് സമ്മാനം. സെൻട്രൽ യൂണിവേഴ്സിറ്റി, കാസർകോട് രണ്ടാം സ്ഥാനം നേടി. 10,000 രൂപയും ട്രോഫിയുമാണ് സമ്മാനം. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. 5000 രൂപയും ട്രോഫിയുമാണ് സമ്മാനം.
സമാപന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷത വഹിക്കുകയും സർവകലാശാല സിൻഡിക്കേറ്റ് അംഗം അജയ് ഡി എൻ, മുൻ സിൻഡിക്കേറ്റ് അംഗം ജി ബിജുകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത് ഖാൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി അനിൽ കുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു. ‘ധമനി’ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ എസ് സജു ചടങ്ങിൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു.










0 comments