ad
Deshabhimani

പത്താം ക്ലാസുകാര്‍ക്ക്‌
റോബോട്ടിക്സ് പരിശീലനം

robotics
avatar
സ്വന്തം ലേഖിക

Published on Jan 12, 2026, 12:07 AM | 1 min read

തിരുവനന്തപുരം

ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെല്ലാം കൈറ്റിന്റെ നേത-ൃത്വത്തില്‍ റോബോട്ടിക്സ് പരിശീലനം നല്‍കും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും അധിക പിന്തുണ എന്ന നിലയിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകും. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവ പരിചയപ്പെടുത്തും. രണ്ടാമത്തെ സെഷൻ പൂർണമായും പ്രായോഗിക പരിശീലനമാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങ്ങിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ നിർമിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത സ്കൂളുകള്‍ തൊട്ടടുത്ത യൂണിറ്റിന്റെ സഹായത്തോടെ ക്യാമ്പ് നടത്തണമെന്ന് കൈറ്റ് നിർദേശം നൽകി. ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്താണ് പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നതെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home