കരുത്തോടെ പോത്തൻകോട് ബ്ലോക്ക്

അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രം
എസ് ഒ ദിനു
Published on Nov 13, 2025, 12:00 AM | 1 min read
കഴക്കൂട്ടം
സമഗ്രവും സർവതല സ്പർശിയുമായ വികസനപ്രവർത്തനങ്ങളിലൂടെ വൻ മുന്നേറ്റം സാധ്യമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി. പുത്തൻതോപ്പ്, അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രികളാക്കി. ബ്ലോക്ക് വികസന ഫണ്ട് ഉപയോഗിച്ച് ഓരോ ആശുപത്രിയിലും ഓരോ ഡോക്ടറെയും രണ്ടു പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. വർഷം അരക്കോടിയിലധികം ചെലവിട്ട് അവശ്യ മരുന്നുകൾ ലഭ്യമാക്കി. ലാബുകളുടെ നിലവാരമുയർത്തി. പ്രമേഹരോഗികൾക്ക് ഇൻസുലിൻ ലഭ്യത ഉറപ്പാക്കാൻ ബ്ലോക്ക് ഫണ്ടിൽനിന്ന് വർഷംതോറും 25 ലക്ഷത്തിലധികം ചെലവഴിച്ച് വയോമധുരം പദ്ധതി നടപ്പാക്കുന്നു. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററുമായി സഹകരിച്ച് ‘ഫസ്റ്റ് ചെക്ക്’ എന്ന പേരിൽ 55 അർബുദ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. പരിശോധനാചെലവുകൾ പൂർണമായി ബ്ലോക്ക് പഞ്ചായത്താണ് വഹിക്കുന്നത്. കുട്ടികളിലെ സംസാരവൈകല്യങ്ങൾ കണ്ടെത്തി പരിശോധിക്കാൻ പുത്തൻതോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്പീച്ച് തെറാപ്പി സെന്റർ പ്രവർത്തിക്കുന്നു. രണ്ട് സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് ആറുലക്ഷത്തിലധികം ചെലവഴിച്ച് ഫിസിയോതെറാപ്പി ക്ലിനിക്കുകൾ സ്ഥാപിച്ചു. 10 ലക്ഷം ചെലവിൽ പോത്തൻകോട് ബസ് സ്റ്റാൻഡിനുസമീപവും മംഗലപുരം കുടുംബാരോഗ്യകേന്ദ്രത്തിലുമായി രണ്ട് വനിതാ ഫിറ്റ്നസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ രണ്ട് ആംബുലൻസുകൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നു. വിദ്യാർഥികൾക്ക് സ്നേഹസ്പർശം സ്കോളർഷിപ് പദ്ധതി നടപ്പാക്കി. 50 പേർക്ക് ഇലക്ട്രിക് വീൽചെയർ, ട്രൈ സ്കൂട്ടർ എന്നിവ വിതരണം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തികസഹായത്തോടെ കഠിനംകുളം കായൽത്തീരത്ത് പതിനായിരത്തിലധികം കണ്ടൽത്തൈകൾ നട്ടുവളർത്തി. കുളങ്ങൾ മാലിന്യമുക്തമാക്കാൻ 35 ലക്ഷം രൂപ ചെലവഴിച്ചു. അഞ്ചുവർഷത്തിനിടെ 34 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കിയതെന്ന് പ്രസിഡന്റ് ടി ആർ ഹരിപ്രസാദ് പറഞ്ഞു. ഭരണസമിതിയുടെയും ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം വികസനപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായെന്ന് വൈസ് പ്രസിഡന്റ് അഡ്വ. കെ എസ് അജീന പറഞ്ഞു.









0 comments