ചിറയിൻകീഴിലെ പൊലീസ് കൊലപാതകം
കേസ് ഒതുക്കാൻ നീക്കം: പ്രത്യേക അന്വേഷകസംഘമില്ല

തിരുവനന്തപുരം
ചിറയിൻകീഴ് അഴൂരിൽ പൊലീസ് മർദിച്ച യുവാവ് രക്തം ഛർദിച്ച് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിക്കാതെ സർക്കാർ. കുറ്റാരോപിതനായ ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടറെത്തന്നെയാണ് കേസ് ഏൽപ്പിച്ചത്. കേസ് തേയ്‌ച്ചുമായ്‌ച്ചുകളയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് നേരുകടവ് വയൽത്തിട്ടവീട്ടിൽ സജി (43) യെയാണ് ചിറയിൻകീഴ് സിഐ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ച് അവശനാക്കിയത്. അസുഖങ്ങളൊന്നുമില്ലാതിരുന്ന സജി രണ്ടുദിവസത്തിനുള്ളിൽ രക്തം ഛർദിച്ച് മരിച്ചു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിലെത്തിയ പൊലീസാണ് മർദിച്ചതെന്നാണ് ആരോപണം. കുടുംബത്തിന് സാന്ത്വനമേകാനോ നീതി ഉറപ്പാക്കാനോ ശ്രമിക്കാതെ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മറ്റൊരുവീട്ടിൽനിന്ന് മദ്യംപിടിക്കാനെത്തിയ പൊലീസാണ് അയൽവാസിയായ സജിയെ പിടികൂടി ക്രൂരമായി മർദിച്ചത്. നാട്ടുകാരും അയൽവാസികളും ഉൾപ്പെടെ സാക്ഷികളാണ്. സജിയെ പിടികൂടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. അന്വേഷിക്കാമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല. സജിയുടെ വീട്ടുകാരെ സ്വാധീനിച്ച് പരാതിയിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. മന്ത്രി ബിന്ദു കൃഷ്‌ണയുടെ ഭർത്താവ് കൃഷ്‌ണകുമാർ വീട്ടിലെത്തി സജിയുടെ ഭാര്യക്ക് സർക്കാർ ജോലിയും മക്കൾക്ക് പഠിക്കാനുള്ള സൗകര്യവുമൊക്കെ വാഗ്‌ദാനം ചെയ്‌തത് ഇതിന്റെ ഭാഗമാണ്.








0 comments