തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 3 യുഡിഎഫ് 2
അഞ്ചുതെങ്ങ് ഡിവിഷനും മുണ്ടയ്‌ക്കൽ വാർഡും എൽഡിഎഫ് പിടിച്ചെടുത്തു, ഒറ്റൂർ നിലനിർത്തി

തിരുവനന്തപുരം
ജില്ലയിൽ അഞ്ച് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫിന് ഉജ്വല വിജയം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ, വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ, മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്‌ക്കൽ വാർഡ് എന്നിവിടങ്ങളിലാണ് എൽഡിഎഫിന് മിന്നും വിജയം. ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ, നെയ്യാറ്റിൻകര തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് എന്നിവിടങ്ങളിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. അഞ്ചുതെങ്ങ് ഡിവിഷനും മുണ്ടയ്‌ക്കൽ വാർഡും എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. അഞ്ചുതെങ്ങ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എസ് ബിജിമോൾ 2502 വോട്ടും (ഭൂരിപക്ഷം 359) മുണ്ടയ്‌ക്കൽ വാർഡ് സ്ഥാനാർഥി രമ്യ വി തുളസി 440 വോട്ടും (ഭൂരിപക്ഷം 139) നേടി. വർക്കല ബ്ലോക്ക് ഒറ്റൂർ ഡിവിഷനിൽ എൽഡിഎഫിലെ പി ബീന 2622 വോട്ട് (ഭൂരിപക്ഷം 925) നേടി വിജയിച്ചു. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത്. ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ യുഡിഎഫ് നിലനിർത്തിയെങ്കിലും വിജയത്തിളക്കം കുറഞ്ഞു. 5683 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 3019 ആയി. 18736 വോട്ട് നേടി അമി തിലക് വിജയിച്ചെങ്കിലും 2600 വോട്ട് യുഡിഎഫിന് കുറഞ്ഞു. ബിജെപിയുടെ സഹായത്തോടെയാണ് വിജയം. 10,081 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ലഭിച്ചത് 5923 വോട്ട് മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിലെ ഡീൽ ഇത്തവണയും ആവർത്തിച്ചു. ബിജെപി വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫ് പരാജയപ്പെടുമായിരുന്നു. തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് യുഡിഎഫ് നിലനിർത്തിയെങ്കിലും 307 വോട്ടിന്റെ ഭൂരിപക്ഷം 169 ആയി കുറഞ്ഞു. സി എസ് സുനിലാണ് വിജയിച്ചത്.









0 comments