Deshabhimani

കേരളവികസനത്തിൽ തദ്ദേശ 
സ്ഥാപനങ്ങളുടേത് വലിയ പങ്ക്‌: പിണറായി

സുവർണോത്സവം പനവൂർ @ 50 പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

സുവർണോത്സവം പനവൂർ @ 50 പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 12:49 AM | 1 min read

നെടുമങ്ങാട്

ലോകത്തിനും രാജ്യത്തിനും മാതൃകയാകുംവിധം കേരളത്തെ മാറ്റിയെടുക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണ്‌ വഹിച്ചതെന്ന്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പനവൂർ പഞ്ചായത്തിന്റെ സുവർണജൂബിലി ആഘോഷമായ സുവർണോത്സവം പനവൂർ @50 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭവനരഹിതർക്ക് വീടൊരുക്കുന്നതിലും അതിദാരിദ്ര്യ നിർമാർജനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിയിലും മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ വലിയ സംഭാവന നൽകി. ബജറ്റിന്റെ 40 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി നീക്കിവച്ചത് അതിനാലാണ്. ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക വികസനത്തിനും പുതിയ പാത തുറക്കാനായെന്നും വികസനപ്രവർത്തനങ്ങൾക്ക് അത്‌ കരുത്തായെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ വൈജുകുമാർ അധ്യക്ഷനായി. ദീപാലങ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനിയും കിസാൻമേള ജില്ലാ പഞ്ചായത്ത്‌ അംഗം ജെ യഹിയയും ഉദ്‌ഘാടനം ചെയ്‌തു. പനവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു പിണറായി വിജയന് ഉപഹാരം കൈമാറി. ആദ്യ ഭരണസമിതി അംഗത്തെയും മുൻ ഭരണസമിതി അംഗങ്ങളെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലാബീവി, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, പൂവക്കാട് തുളസീധരൻ, അസ്‌നാര് ആശാൻ, കല്ലിയോട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മേള 24ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home