വിഴിഞ്ഞം തുറമുഖം
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ; 34.18 കോടി അനുവദിച്ചു

തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ 34,18,52,972 രൂപ അനുവദിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമാനുസൃത രജിസ്‌ട്രേഷനുള്ള 1256 എൻജിനുകളിൽ 934 എൻജിനുകൾക്ക് 2022 മാർച്ച് മുതൽ 2024 ഡിസംബർ (34 മാസം)വരെയും 322 എൻജിനുകൾക്ക് 2023 മാർച്ച് മുതൽ 2024 ഡിസംബർവരെയുമാണ് (22 മാസം) മത്സ്യ-ഫെഡ് വഴി മണ്ണെണ്ണ ലഭിക്കുക. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്ന് പുറപ്പെടുന്നതും വിഴിഞ്ഞം സൗത്ത്, നോർത്ത്, അടിമലത്തുറ എന്നീ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ രജിസ്‌റ്റർ ചെയ്‌തതുമായ ഒൗട്ട്‌ബോർഡ് വള്ളങ്ങൾക്കാണ് ആനുകൂല്യം. ഒരുവർഷത്തേക്ക് 240 പ്രവൃത്തി ദിനങ്ങൾ എന്ന നിലയിലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നിർമിച്ച പുലിമുട്ട് ചുറ്റി പോകുന്നതിന് അധികമായി വരുന്ന മണ്ണെണ്ണ നൽകണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് നഷ്ടപരിഹാരം അംഗീകരിച്ചത്. യാനങ്ങളുടെ എൻജിന് അനുസരിച്ച് മൂന്ന് മുതൽ അഞ്ചുവരെ ലിറ്റർ മണ്ണെണ്ണ വീതമാണ് നൽകുക. ആദ്യഘട്ടത്തിൽ ഒരുവർഷം അനുവദിച്ച നഷ്ടപരിഹാരം മന്ത്രിമാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ നീട്ടുകയായിരുന്നു. തുറമുഖ നിർമാണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി ഇതുവരെ 115 കോടിയിലധികം രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി നൽകിയത്.










0 comments