ad
Deshabhimani

വട്ടിയ‍ൂർക്കാവ്‌ ജില്ലയുടെ യുവത്വം

poratta polima
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Mar 10, 2026, 08:05 PM | 2 min read

തിരുവനന്തപുരം‌: കിള്ളിയാറും കരമനയാറും തഴുകിയൊഴുകുന്ന സാഹോദര്യത്തിന്റെയും തുരുത്ത്‌. നഗരത്തിരക്കും ഗ്രാമത്തിന്റെ തനിമയും നിലനിര്‍ത്തുന്ന മണ്ണ്‌. വികസന വിശേഷങ്ങളുടെ തലയെടുപ്പിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം അറിയപ്പെടുന്നത്‌. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് 2011ല്‍ വട്ടിയൂര്‍ക്കാവായത്. വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളുമാണ് തുടക്കത്തിലുണ്ടായിരുന്നത്‌. പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും ഉൾപ്പെട്ടു. 2025ലെ വാര്‍ഡ് പുനര്‍വിഭജനത്തോടെ കോര്‍പറേഷനിലെ 25 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതായി വട്ടിയൂര്‍ക്കാവ് മണ്ഡലം.


2011ലെയും 2016ലെയും തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ മുരളീധരന്‍ വിജയിച്ചു. 2019ല്‍ കെ മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിച്ച്‌ വിജയിച്ചശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മണ്ഡലം പിടിച്ചെടുത്തു. തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്താണ്‌ യുഡിഎഫിനെ അട്ടിമറിച്ചത്‌. കേരളം "മേയര്‍ ബ്രോ' എന്നുവിളിച്ച വി കെ പ്രശാന്ത്‌ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിനെ തോൽപ്പിച്ചത്‌. 2021ല്‍ 21,515 എന്ന ഭൂരിപക്ഷത്തില്‍ വി കെ പ്രശാന്ത് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം നോര്‍ത്ത്‌ ആയിരുന്നപ്പോള്‍ 1980ല്‍ എല്‍ഡിഎഫ്, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ എല്‍ഡിഎഫ്, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ എല്‍ഡിഎഫ് എന്നിവര്‍ക്കൊപ്പമായിരുന്നു മണ്ഡലം.

വട്ടിയൂർക്കാവിലുണ്ട്‌ ‘വികസന വൈബ്‌’


കരമനയാറിന് കുറുകെ കാട്ടാക്കടയെയും വട്ടിയൂര്‍ക്കാവിനെയും ബന്ധിപ്പിച്ചൊരു പാലമെന്ന ജനങ്ങളുടെ ആഗ്രഹം എൽഡിഎഫ്‌ പൂർത്തീകരിച്ചു. 2019 –20 ബജറ്റില്‍ ഉള്‍പ്പെടുത്തി കുലശേഖരത്തിന്‌ പാലം സമ്മാനിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രധാന പ്രശ്നമായിരുന്ന പേരൂര്‍ക്കടയിലെ കുരുക്കഴിക്കാന്‍ ഫ്ലൈഓവറിനുവേണ്ടി 106.76 കോടി പദ്ധതി ആവിഷ്കരിച്ചു. ജനറൽ ആശുപത്രിക്ക്‌ കിഫ്ബിയിലൂടെ 137 കോടിയും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിക്ക്‌ ഒമ്പത് കോടിയും മാനസികാരോഗ്യ കേന്ദ്രത്തിന് 94 കോടിയും വകയിരുത്തി. കുലശേഖരം പിഎച്ച്സിയെ ഫാമിലി ഹെൽത്ത് സെന്ററാക്കി. പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷിത വട്ടിയൂർക്കാവ്, പാലിയേറ്റീവ് കെയർ മേഖലകളില്‍ സജീവ സാന്നിധ്യമായി നാട്ടിലെ യുവാക്കളുടെ കൂട്ടായ്മ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റി (വൈബ്‌കോസ്‌) രൂപീകരിച്ചു. 2020ൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട വട്ടിയൂർക്കാവ് ജങ്‌ഷൻ വികസന പദ്ധതിക്ക്‌ സ്ഥലമേറ്റെടുത്ത്‌ നിർമാണത്തിലേക്ക്‌ കടന്നു. ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിന് കിഫ്‌ബി 531.76 കോടി രൂപയാണ് അനുവദിച്ചത്.

2021ലെ വോട്ടര്‍മാര്‍– 2,08,118

2026ലെ വോട്ടര്‍മാര്‍– 1,63,063

പുരുഷന്മാര്‍– 77,550

സ്ത്രീകള്‍– 85,510

ട്രാന്‍സ്ജെന്‍ഡര്‍–3

എസ്ഐആറില്‍ പുറത്തായത്– 42,580 പേര്‍

2021 നിയമസഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം–21,515

വി കെ പ്രശാന്ത് (എല്‍ഡിഎഫ്)– 61,111

വി വി രാജേഷ് (ബിജെപി)–39,596

വീണ എസ് നായര്‍ (യുഡിഎഫ്)– 35,455

പോളിങ് ശതമാനം– 64.15



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home