ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ പൈതൃക കെട്ടിട നവീകരണം

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വർണക്കൂടാരം പദ്ധതിയുടെയും പൈതൃക കെട്ടിടം നവീകരണത്തിന്റെയും ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു
ആറ്റിങ്ങൽ
സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് കേവലം കെട്ടിടം ഉയർത്തലല്ല മറിച്ച് കുട്ടികളുടെ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിനുള്ള പഠനാന്തരീക്ഷമൊരുക്കലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണക്കൂടാരം' പദ്ധതിയുടെയും പൈതൃക കെട്ടിടത്തിന്റെ നവീകരണ നിർമാണോദ്ഘാടനവും ആലംകോട് ഗവ. എൽപി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണക്കൂടാരം ഒരുക്കിയിരിക്കുന്നത്. പൈതൃക കെട്ടിടത്തിന്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒ എസ് അംബിക എംഎൽഎ അധ്യക്ഷനായി. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ്, ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ പ്രിൻസിപ്പൽ ഗീതാ നായർ, ആലംകോട് ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക റീജാ സത്യൻ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു തുടങ്ങിയവർ സംസാരിച്ചു.










0 comments