ad
Deshabhimani

തുടങ്ങിവച്ച പദ്ധതികളുടെ 
പൂർത്തീകരണത്തിന്‌ ആദ്യ പരിഗണന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2025, 12:38 AM | 1 min read

തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിന്‌ ആദ്യ പരിഗണന നൽകുമെന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുത്ത വി പ്രിയദർശിനി. ഉദ്യോഗസ്ഥയോഗം വിളിച്ച്‌ പദ്ധതികളുടെ തൽസ്ഥിതി പരിശോധിക്കും. കഴിഞ്ഞ ജില്ലാപഞ്ചായത്ത്‌ ഭരണസമിതിയിൽ അംഗമായി പ്രവർത്തിച്ച പരിചയപാടവമാണ്‌ സാരഥ്യമേറ്റെടുക്കുന്പോൾ പ്രിയദർശിനിയുടെ ആത്മവിശ്വാസം. കാർഷികമേഖലയുടെ പ്രവർത്തനം, സ്‌ത്രീശാക്തീകരണം, പട്ടികജാതി വിഭാഗത്തിലെ അഭ്യസ്‌തവിദ്യരുടെ പ്രൊഫഷണലിസം വളർത്താനുള്ള പരിശീലനങ്ങൾ, ലഹരിവ്യാപനത്തിനെതിരെയുള്ള ജനകീയ ക്യാന്പയിനുകൾ, നിക്ഷേപകസംഗമം, വിശപ്പുരഹിത തലസ്ഥാനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വിവിധ ജനവിഭാഗത്തിൽപ്പെട്ടവർക്കുള്ള സ്വയം ശാക്തീകരണ പരിപാടികൾ എന്നിവ തുടരും. സ്‌ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി നൂതന പദ്ധതികൾ ആവിഷ്‌കരിക്കും. ആരോഗ്യമേഖലയിൽ ഡയാലിസിസ്‌ രോഗികൾക്കും എച്ച്‌ഐവി ബാധിതർക്കുമുള്ള തുടർചികിത്സാ സാന്ത്വനപദ്ധതികൾ വിപുലീകരിക്കും. മികച്ച വിദ്യാഭ്യാസത്തിന്‌ പുതിയ പദ്ധതികൾ നടപ്പാക്കും. അഗതിമന്ദിരങ്ങളിലെയും അനാഥമന്ദിരങ്ങളിലെയും അന്തേവാസികൾക്ക്‌ കരുതലൊരുക്കും. വിദഗ്‌ധരുമായി കൂടിയാലോചിച്ച്‌ പദ്ധതിക്ക്‌ അന്തിമരൂപം നൽകും. സർക്കാർ നിർദേശപ്രകാരം ഓരോ പ്രദേശത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഒരു പദ്ധതിരേഖ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ തയ്യാറാകുന്നുണ്ട്‌. ഇത്‌ പൂർത്തിയാകുന്പോൾ ഓരോ പ്രദേശത്തിനും ആവശ്യമായ പരിഗണന നൽകാനാകും. തെരുവുനായ അതിക്രമം തടയാനുള്ള ഇടപെടലുകൾക്ക്‌ കുരുക്കാകുന്നത്‌ കേന്ദ്രനിയമങ്ങളാണ്‌. എങ്കിലും എബിസി പദ്ധതികൾ കാര്യക്ഷമമാക്കാൻ ശ്രമമുണ്ടാകും. സമസ്‌തമേഖലയിലും വികസനപ്രവർത്തനങ്ങളെക്കുറിച്ചൊരു കാഴ്‌ചപ്പാടുണ്ട്‌. അത്‌ വിജയപഥത്തിലെത്തിക്കാനാകും ഇനിയുള്ള അഞ്ചുവർഷത്തെ പരിശ്രമം. എല്ലാവരുടെയും സഹകരണത്തോടെ മാനവികതയിലും മനുഷ്യത്വത്തിലും ഉ‍ൗന്നിയാകും പ്രവർത്തനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home