Deshabhimani

കേന്ദ്രത്തിന്റെ തിരസ്‌കരണം

അവാർഡ്‌ വേണ്ടെന്ന്‌ 
ചലച്ചിത്രപ്രവർത്തകർ

അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിനിധികൾ പ്രതിഷേധിക്കുന്നു

അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിനിധികൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:00 AM | 2 min read

​തിരുവനന്തപുരം​

ഭൂഖണ്ഡങ്ങൾ കടന്നെത്തിയ വ്യത്യസ്ത ആശയങ്ങളെയും നിലപാടുകളെയും കേന്ദ്രം തിരസ്‌കരിച്ച 18–ാമത്‌ രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക്‌ ആശങ്കകളോടെ ബുധനാഴ്‌ച സമാപനം. വിലക്കിയ 31 ചിത്രങ്ങളിൽ 24 എണ്ണത്തിന്‌ പ്രദർശനം അനുവദിച്ചത് മേളയുടെ നാലാം ദിവസമാണ്‌. എട്ട്‌ ചിത്രം പ്രദർശിപ്പിക്കാൻ അനുമതിയില്ല. ഇ‍ൗ തിരസ്‌കരണത്തിൽ അവാർഡ്‌ വേണ്ടെന്നറിയിച്ച്‌ ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധിച്ചു. ഡിസംബറിൽ നടക്കുന്ന ഐഎഫ്‌എഫ്‌കെയിലും കേന്ദ്രവിലക്ക്‌ തുടരുമോയെന്ന ആശങ്കയുണ്ട്‌. കഴിഞ്ഞ മേളയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചിത്രം വിലക്കിയെങ്കിലും പ്രദർശിപ്പിക്കാനുള്ള ധീരത സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു. യുഡിഎഫ്‌ സർക്കാരിൽനിന്ന്‌ അതുണ്ടാകാത്തത്‌ ചലച്ചിത്രപ്രേമികളെ നിരാശരാക്കി. ജാതിവ്യവസ്ഥ, ഗാസ യുദ്ധം, ശുചീകരണത്തൊഴിലാളികളുടെ ജീവിതം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഒഴിവാക്കിയത്‌. മേളയുടെ ആവേശത്തെ കെടുത്തുന്ന നയങ്ങൾക്കെതിരെ പോരാടണമെന്നാണ്‌ സിനിമയെ ഗ‍ൗരവമായി കാണുന്നവരുടെ അഭിപ്രായം. പ്രദർശനാനുമതി ലഭിച്ച ചിത്രങ്ങളടക്കം 61 എണ്ണം ചൊവ്വാഴ്‌ച പ്രദർശിപ്പിക്കും. ‎മത്സരവിഭാഗത്തിന് പുറമെ ഫോക്കസ്, മലയാളം, ഇന്റർനാഷണൽ ഫിക്‌ഷൻ, ഇന്റർനാഷണൽ നോൺ ഫിക്‌ഷൻ, ക്യാമ്പസ് ഫിലിംസ്, അനിമേഷൻ, ജൂറി, ഹോമേജ്, ഫെസ്റ്റിവൽ വിന്നേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലെ ചിത്രങ്ങളുണ്ടാകും. ദി ലാസ്റ്റ് ഗോഡ്, ടെക്നോകാറ്റ്സ്, ഗോയിങ് സോളോ, ഉപ്പുവീടുകൾ, വെൻ ദി സെന്റൻസ് എൻഡ്സ്, ഹോം ഈസ് വെയർ ഐ ഡൈഡ്, കവർ-അപ്, സൈലൻസ്ഡ്, ടേബിൾ ഫോർ 2, വാം ഷാഡോസ് തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങൾ. വൈകിട്ട് ഏഴിന്‌ ബാവുൾ ഗായിക ശാന്തിപ്രിയയുടെ സംഗീതപരിപാടി അരങ്ങേറും.


വിമർശം ഭയക്കുന്നു; ആവിഷ്‌കാരങ്ങൾക്ക്‌ വിലങ്ങിടുന്നു

തിരുവനന്തപുരം

മതവും അന്ധവിശ്വാസവും കൊടുന്പിരിക്കൊണ്ടിരുന്ന കാലത്തുപോലും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും വിമർശമുൾക്കൊള്ളാൻ പുതിയകാലത്തെ ഭരണകൂടത്തിന്‌ കഴിയുന്നില്ലെന്നും ചലച്ചിത്ര ചരിത്രകാരൻ ആശിഷ് രാജാ
ധ്യക്ഷ. ഡോക്യുമെന്ററികളുടെ സെൻസർഷിപ്‌ രീതികളെ ‍ഗ‍ൗരവമായി കാണണം. ഡോക്യുമെന്ററി പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട്‌ വിശദീകരിച്ച് നടന്ന പ്രഭാഷണ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററി സിനിമകളുടെ വികാസപരിണാമത്തെക്കുറിച്ചും സിനിമകൾ മുന്നോട്ടുവയ്‌ക്കുന്ന യാഥാർഥ്യങ്ങളെപ്പറ്റിയും സംസാരിച്ചു. സിനിമ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട നിയമചരിത്രവും പ്രഭാഷണത്തിൽ വിഷയമായി.

തിയറ്ററുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കണം

മുഖ്യധാരാ സിനിമകളെപ്പോലെ ഡോക്യുമെന്ററി തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്ന്‌ മീറ്റ് ദി ഡയറക്ടർ സെഷനിൽ സംവിധായകൻ ജോൺസൺ മെയ്റ്റി ലൈമുജം. ഡോക്യുമെന്ററികളുടെ പ്രാധാന്യം, ഉള്ളടക്കം കൂടുതൽ ജനപ്രിയമാക്കുന്ന ചിത്രീകരണ രീതികൾ എന്നിവ ചർച്ചയായി. സംവിധായകൻ ഉമേഷ് ചന്ദൻ പാസുല, ചേതൻ പരേഖ്, റശീദ നസ്രിയ, ലിയറ്റ് കപ്ലാൻ, ആനന്ദ് രാമകൃഷ്ണൻ, ഷെല്ലി ക്ഷേത്രിമ, ഷാരോൻസ് ദേവി ഖ്വൈരക്പാം, സുസ്മിത താലുക്ദാർ, സിദ്ധാർഥ് കർ, എസ്‌ എ നീരജ്‌, മിസുഹോ തെരാസാകി എന്നിവർ സംസാരിച്ചു. രാമദാസ് കടവല്ലൂർ മോഡറേറ്ററായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home