ചലച്ചിത്രമേഖലയും എഐ ഭീഷണിയിൽ

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ചു നടത്തിയ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയിൽനിന്ന്
തിരുവനന്തപുരം
ചലച്ചിത്രമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി നിർമിതബുദ്ധിയാണെന്ന് സിനിമാസംവിധായകർ. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഫെയ്‌സ് ടു ഫെയ്‌സിലാണ് ആശങ്ക പങ്കിട്ടത്. തൊഴിൽനഷ്ടംമുതൽ പകർപ്പവകാശം സംബന്ധിച്ച ആശങ്കവരെയുണ്ട്. തിരക്കഥാരചന, ഡബ്ബിങ്, വിഷ്വൽ എഫക്ട്സ്, എഡിറ്റിങ്, സംഗീതം, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗം കൂടുന്നത് തൊഴിൽസാധ്യതകളെ ബാധിക്കും. അഭിനേതാക്കളുടെ ശബ്ദവും രൂപവും ഡിജിറ്റലായി സൃഷ്ടിക്കാനാകുന്നതോടെ അവരുടെ സമ്മതം, പ്രതിഫലം എന്നിവയിൽ ചോദ്യമുയരും. ഇത് സംബന്ധിച്ച് നിയമം രൂപീകരിക്കേണ്ടിവരും. ഒരിക്കൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽനിന്നോ പഴയ സിനിമകളിൽനിന്നോ ശബ്ദവും മുഖഭാവങ്ങളും പുനർനിർമിച്ച് പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്പോൾ കലാകാരരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നതിൽ ആശങ്കയുണ്ട്. അതേസമയം, സിനിമാ രൂപീകരണം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും എഐ സഹായകമാവുകയും ചെയ്യും. ഭാവിയിലെ സംഘർഷങ്ങൾ കേവലം മനുഷ്യരും നിർമിതബുദ്ധിയും തമ്മിൽ മാത്രമായിരിക്കില്ലെന്നും എഐ ഉപയോഗപ്പെടുത്തുന്ന വിവിധ മേഖലയിലെ മനുഷ്യർതമ്മിലാകുമെന്നും ‘ദി ലാസ്റ്റ് ഗോഡ്’ സംവിധായകൻ ശ്രീറാം പ്രദീപ് പറഞ്ഞു. അർഘ്യ മുഖർജി, കനയ്യ ത്രിവേദി, അനികേത് ടെർഡൽ, സാമുവൽ എം വാട്സൺ, വിഷ്ണു പുഷ്കരൻ, രജത് മിശ്ര, സി പി സോന ബാബു, ഹൃദിക ദിലീപ് പറ്റോൾ, അജയ് രവി, രുജുത ദോഷി, നിത്യ മിശ്ര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.








0 comments