ക്യാമ്പസിൽ പൈപ്പുപൊട്ടി
മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി; വലഞ്ഞ് രോഗികൾ

തിരുവനന്തപുരം
മെഡിക്കൽ കോളേജ് ക്യാമ്പസിൽ പൈപ്പ് പൊട്ടിയതിനെതുടർന്ന് ശുദ്ധജല വിതരണം നിലച്ചു. ചൊവ്വ രാവിലെയാണ് നഴ്സിങ് ഹോസ്റ്റലിന് സമീപത്തെ 90 എംഎം പിവിസി പൈപ്പ്‌ലൈൻ പൊട്ടിയത്. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒപി ബ്ലോക്കിലും എസ്എടി ആശുപത്രിയുടെ ഒരുഭാഗത്തും ശുദ്ധജല വിതരണം പൂർണമായി മുടങ്ങി. വാർഡുകളിലെ പൈപ്പുകളിൽ വെള്ളമില്ലാതായതോടെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ടാങ്കറുകളിൽ വെള്ളമെത്തിച്ചെങ്കിലും എല്ലാ വാർഡുകളിലും ശുദ്ധജലമെത്തിക്കാനായില്ല. കുടിവെള്ള വിതരണം മുടങ്ങിയത് ഒപിയിലെത്തിയ രോഗികളെയും ഓഫീസ് ജീവനക്കാരെയും ബാധിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് പലരും കുപ്പിവെള്ളം വാങ്ങിയാണ് ഉപയോഗിച്ചത്. വൈകിട്ട് മൂന്നരയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാൽവ് തുറന്നെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചെങ്കിലും രാത്രി വൈകിയും വാർഡുകളിൽ ശുദ്ധജല വിതരണം പൂർവസ്ഥിതിയിലായില്ല.











0 comments