Deshabhimani

തലസ്ഥാനത്ത് മുടങ്ങുക 
10,800 കോടിയുടെ വികസനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2026, 12:17 AM | 1 min read

തിരുവനന്തപുരം

കിഫ്ബിയെ അട്ടിമറിക്കുന്നതോടെ തലസ്ഥാന ജില്ലയിലെ വികസനവും നിലയ്ക്കുമെന്ന് ഉറപ്പായി. കിഫ്ബിവഴി സംസ്ഥാനത്ത് ഏറ്റവുമധികം തുക അനുവദിക്കപ്പെട്ട ജില്ലയായ തിരുവനന്തപുരത്തുമാത്രം 10,819 കോടി രൂപയുടെ പദ്ധതികളാണ് പ്രതിസന്ധിയിലായത്. നിർമാണത്തിലുള്ള വൻകിട മേൽപ്പാലങ്ങളും ബൈപ്പാസുകളും കൂടാതെ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് വിഹിതം കണ്ടെത്തലും പ്രതിസന്ധിയിലാകും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത വിഴിഞ്ഞം–നാവായിക്കുളം വികസന ഇടനാഴിയും നടക്കില്ലെന്ന് ഉറപ്പായി. സ്ഥലമേറ്റെടുക്കൽ പൂർത്തിയായി നിർമാണ ഘട്ടത്തിലേക്ക് കടക്കേണ്ട ശ്രീകാര്യം മേൽപ്പാലത്തിന് 53 കോടി രൂപ അനുവദിക്കാനുണ്ട്. ഉള്ളൂർ മേൽപ്പാലവും (52.68 കോടി), പട്ടം (84.61 കോടി), അട്ടക്കുളങ്ങര–കിഴക്കേകോട്ട (95.28 കോടി), വെഞ്ഞാറമൂട് (25.03 കോടി) മേൽപ്പാലങ്ങളും ബജറ്റ് വിഹിതംമാത്രം ആശ്രയിച്ച് പൂർത്തിയാക്കാനാകാത്ത സ്ഥിതിയിലാണ്. തീരദേശ മേഖലയുടെ മുഖച്ഛായ മാറ്റേണ്ട പൊഴിയൂർമുതൽ കോവളംവരെയുള്ള 18 കിലോമീറ്റർ തീരദേശ പാതയും അനിശ്ചിതത്വത്തിലായി. നഗരവാസികൾ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന വട്ടിയൂർക്കാവ് ജങ്ഷൻ നവീകരണവും കണക്റ്റിവിറ്റി റോഡ്, വഴിമുക്ക്–കളിയിക്കാവിള റോഡ് വികസനം, കരമന–കാലടി റോഡ് എന്നിവ പൂർണമായി ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയിലാണ്. ഇതോടെ തലസ്ഥാന നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കും ജനങ്ങളുടെ യാത്രാദുരിതവും കൂടുതൽ രൂക്ഷമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home