ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള
ആശങ്കകളൊഴിയാതെ ഇന്ന് തിരശ്ശീല വീഴും

നടി രേവതി അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയിൽ
തിരുവനന്തപുരം
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കേന്ദ്രത്തിന്റെ ബുൾഡോസർ രാജിനെതിരെ ഉയർന്ന പ്രവർത്തകരുടെ പ്രതിഷേധത്തോടെ രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ബുധനാഴ്‌ച കൊടിയിറങ്ങും. വിമർശങ്ങളെ സഹിഷ്‌ണുതയോടെ നേരിടാനോ തിരുത്താനോ തയ്യാറാകാത്ത കേന്ദ്ര സേച്ഛാധിപത്യനിലപാടിനെതിരെയാണ് വിയോജിപ്പ്. വിമർശിക്കുന്നവരെ വേട്ടയാടുന്ന രീതി തുടർന്നാൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ചലച്ചിത്രപ്രവർത്തകർ ആഹ്വാനം ചെയ്‌തു. എട്ട് ചിത്രം പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകരിൽ ഒരുവിഭാഗം അവാർഡ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. 18-–ാമത് മേളയുടെ സമാപന സമ്മേളനം വൈകിട്ട് ആറിന് കൈരളി തിയറ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രൻ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും നടത്തും. ഫിക്ഷൻ വിഭാഗത്തിലെ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി സി പി ജോൺ ജൂറി അംഗങ്ങൾക്ക് ഉപഹാരം നൽകും. നോൺ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും ജൂറി ചെയർപേഴ്സൺ റുചിർ ജോഷി നിർവഹിക്കും. നോൺ ഫിക്ഷൻ വിഭാഗത്തിലെ അവാർഡ്, ലോങ് ഡോക്യുമെന്ററി എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ്, ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് എന്നിവയും സമ്മാനിക്കും.
സമാപനദിവസം 26 ചിത്രങ്ങൾ
തിരുവനന്തപുരം
പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളടക്കം വിവിധ വിഭാഗങ്ങളിലായി 26 ചിത്രം ബുധനാഴ്‌ച പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ, ഫെസ്റ്റിവൽ വിന്നേഴ്സ് എന്നീ വിഭാഗങ്ങളിലേതാണ് ചിത്രങ്ങൾ. ആന്റോണിയോ ലാ കാമറയുടെ ലെ മുർ ഡു സോൺ, ഇഗ്നാസിയോ ക്ലാര പ്ലാനാസിന്റെ 40 ഡിഗ്രീസ്, ജോസ് എഡ്വേർഡോ കാസ്റ്റില്ല പോൺസിന്റെ ലെവന്റാമുർട്ടോസ്: കുംബിയ ഫോർ ദി ഡെഡ്, ലൗ ചാർലസിന്റെ കാസ ചിക്ക, വിൽ നിയാവയുടെ ജാസ് ഇൻഫെർണൽ, അസാഫ് കോർമാന്റെ യെസ് ഓർ നോ, ജെസി മൂസല്ലത്തിന്റെ ഫോ ബിജു, സച്ചിൻ ധർവാദ്കറിന്റെ രാഹുൽ ആൻഡ് റോസ, ജാവി പ്രാഡയുടെ പ്രെജുഡിസസ്, ഗബ്രിയേൽ ഗോൺസാലസ് അകോസ്റ്റിന്റെ ജെനസിസ് തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങൾ. സമാപനസമ്മേളനത്തിനുശേഷം അവാർഡ് നേടിയ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനമുണ്ടാകും.








0 comments