സ്‌കൂളുകൾ കാവിവൽക്കരിക്കാൻ കോർപറേഷൻ
ബിജെപി മുദ്രാവാക്യം വിഷയമാക്കി സ്‌കൂളുകളിൽ മത്സരം

ബിമൽ പേരയം
Published on Oct 02, 2026, 12:00 AM | 1 min read
തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളില്‍ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി മത്സരപരിപാടികള്‍ സംഘടിപ്പിക്കാൻ നീക്കമാരംഭിച്ച് കോർപറേഷൻ ഭരണസമിതി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 25 വര്‍ഷം തികഞ്ഞതിന്റെ ആഹ്ലാദസൂചകമെന്ന പേരിലാണിത്. നഗരപരിധിയിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകളിൽ മത്സരം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ചെന്പഴന്തി ഉദയൻ സ്കൂളുകള്‍ക്ക് കത്ത് നല്‍കി. ചിത്രരചന, പ്രസംഗം എന്നിവയാണ് മത്സരം. സ്വച്ഛ് ഭാരത്, കുതിക്കുന്ന ഇന്ത്യ, വികസിത ഭാരത് തുടങ്ങി ബിജെപിയുടെ മുദ്രാവാക്യങ്ങളും പരസ്യങ്ങളുമാണ് മത്സര വിഷയം. കൗൺസിൽ യോഗങ്ങളിലൊന്നും അജൻഡയാക്കാതെയാണ് തീരുമാനം സ്‌കൂളുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കോര്‍പറേഷന്‍ തീരുമാനമോ ഔദ്യോഗിക കത്തോ ഇല്ലാതെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്റെ ലെറ്റർ പാഡിലാണ് കത്ത് നൽകിയത്. സ്‌കൂളുകളിലെ അക്കാദമിക നിലവാരവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണെന്ന വിമര്‍ശമുയർന്നിട്ടുണ്ട്. പരിപാടിയിലുള്ള താൽപ്പര്യം സംശയാസ്‌പദമാണെന്ന് കെഎസ്‌ടിഎ പ്രസിഡന്റ് എ കെ ബീന, ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി എന്നിവര്‍ പറഞ്ഞു. സ്‌കൂളുകളിൽ മത്സരം നടത്താൻ വിദ്യാഭ്യാസവകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ കോർപറേഷൻ വാങ്ങിയിട്ടില്ല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാർ കോർപറേഷന്റെ നീക്കത്തെ ചെറുക്കുമോയെന്നതും സംശയാസ്‌പദമാണ്. കോര്‍പറേഷന്റെ ഫണ്ട് കാൽലക്ഷത്തോളം ധൂര്‍ത്തടിച്ച് പ്രധാനമന്ത്രിയുടെ പിറന്നാളും ഭരണസമിതി ആഘോഷിച്ചിരുന്നു.









0 comments